പത്തനാപുരം: മലയോരമേഖലയായ ചണ്ണക്കാമണ്‍, ഓലപ്പാറ എന്നിവിടങ്ങളിലായി ഫോറസ്റ്റ് സ്റ്റേഷന്, ചെക്ക്പോസ്റ്റ് എന്നിവക്കായി ലക്ഷങ്ങള്‍മുടക്കി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ കാടുകയറി വന്യമൃഗ വിഹാരകേന്ദ്രമായി മാറികൊണ്ടിരിക്കുന്നു.
പതിനായിരക്കണക്കിന് പാവങ്ങള്‍ ഭവനമില്ലാതെ അലയുന്ന നമ്മുടെ നാട്ടില്‍ ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങള്‍ നിരവധിയാണ്. മലയോരമേഖലയില്‍ തന്നെ ചെരിപ്പിട്ടക്കാവ്, കോട്ടക്കയം, മുള്ളുമല, അമ്പനാര്‍, സഹ്യസീമ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാകുന്ന തരത്തില്‍ (എസ്എഫ്സികെ) സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്റെയും വനംവകുപ്പിന്റെയും നിരവധി കെട്ടിടങ്ങളാണ് നാശം നേരിടുന്നത്.
എസ്എഫ്സികെയുടെ അധീനതയിലുള്ള കെട്ടിടങ്ങള്‍ മിക്കതും കാടുകയറി നശിക്കുമ്പോഴും തൊഴിലാളികള്‍ക്കുപോലും നല്കാന് അധികൃതര്‍ തയ്യാറാകുന്നില്ല. നിലവില്‍ ഫോറസ്റ്റ് സ്റ്റേഷനുവേണ്ടി ചണ്ണക്കാമണ്ണില്‍ നിര്‍മ്മിച്ച കെട്ടിടം നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചതിനെ തുടര്‍ന്ന് നശിച്ചുതുടങ്ങി. ചണ്ണക്കാമണ്ണിന് അരകിലോമീറ്റര്‍ അപ്പുറത്തായി ഫോറസ്റ്റ് ചെക്കുപോസ്റ്റും ഓഫീസും ഉണ്ടെന്നിരിക്കെയാണ് ലക്ഷങ്ങള്‍ കൈക്കലാക്കാനുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ പുതിയ നിര്‍മ്മാണം. അനാവശ്യമായി വനമേഖലയില്‍ ലക്ഷങ്ങള്‍ ചിലവാക്കി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ഉപയോഗശൂന്യമായി ഇടുകയും ചെയ്യുന്ന എസ്എഫ്സികെ വനംവകുപ്പ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: