പത്തനാപുരം: ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ്ഐയുടെ ക്രൂരമര്‍ദ്ദനത്തില്‍ പട്ടികജാതി യുവാവിന് പരിക്ക്. പുന്നല കരിമ്പാലൂര് പാലവിള വീട്ടില്‍ ബിനു (30) വാണ് പത്തനാപുരം എസ്ഐ സുനില്‍ കൃഷ്ണന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ബിജെപി പിറവന്തൂര്‍ പഞ്ചായത്ത് സമിതി സെക്രട്ടറിയാണ് ബിനു. സമീപവാസിയായ തങ്കമ്മ രാഘവന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം അര്‍ദ്ധരാത്രി വീട്ടിലെത്തിയ പോലീസ് സംഘം പരാതി അന്വേഷിക്കുകപോലും ചെയ്യാതെ മര്‍ദ്ദനം തുടങ്ങുകയായിരുന്നു.
അയല്‍വാസിയുടെ വീട്ടില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ കല്ലുവീണു എന്നതായിരുന്നു പരാതി. എസ്ഐയുടെ മര്‍ദ്ദനത്തില്‍ ബിനുവിന്റെ കാലിനും ചെവിക്കും അടിവയറിന്റെ ഭാഗത്തും പരിക്കേറ്റിട്ടുണ്ട്. മൂന്നുമാസം മുമ്പ് പനി ബാധിച്ച് ബിനുവിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. നാലും അഞ്ചും വയസ് മാത്രമുള്ള ബിനുവിന്റെ പിഞ്ചുമക്കള്‍ക്കും പ്രായമായ അമ്മക്കും മുന്നിലിട്ടായിരുന്നു എസ്ഐയുടെ മര്‍ദ്ദനമെന്നും ആരോപണമുണ്ട്.
സംഭവത്തില്‍ ബിജെപി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മുമ്പും നിരവധി തവണ നിരപരാധികളെ ക്രൂരമായി ഈ എസ്ഐ മര്‍ദ്ദിച്ചിട്ടുണ്ട്. എസ്ഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: