തിരുവനന്തപുരം: ദേശീയ ഗെയിംസ് സുഗമമായി നടത്താന്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്ത കമ്മിറ്റികളില്‍ നിന്ന് മെമ്പര്‍മാരുടെ കൂട്ട രാജി. കോമണ്‍വെല്‍ത്ത് ഗെയിംസിനെ വെല്ലുന്ന സംഘാടക മികവില്‍ എതിര്‍പ്പു പ്രകടമാക്കിയാണ് മിക്ക കമ്മിറ്റി മെമ്പര്‍മാരും രാജി നല്‍കിയിരിക്കുന്നത്. ഗണേശ് കുമാര്‍ എംഎല്‍എ രാജി വയ്ക്കുക മാത്രമല്ല അതിനുള്ളില്‍ നടക്കുന്ന അഴിമതിയെ കുറിച്ച് വിളിച്ചു പറയുകയും ചെയ്തു. പിന്നാലെ പാലോട് രവി എംഎല്‍എ രാജിവെച്ചു. അതിനു പിന്നാലെ വി. ശിവന്‍കുട്ടിയും. ഒടുവിലായി മുന്‍മന്ത്രി ബിനോയ് വിശ്വം ഗെയിംസ് റിലേഷന്‍സ് കമ്മിറ്റിയില്‍ നിന്നും രാജി വെച്ചു.
ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ രാജിക്കത്ത് ഗെയിംസ് സെക്രട്ടേറിയറ്റിലേക്ക് നല്കി കഴിഞ്ഞു. അഭിമാനത്തേക്കാള്‍ അപമാനമാകാന് പോകുന്ന ഗെയിംസിന്റെ ഭാഗമാകാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇനിയും ഉറപ്പിക്കാനാകാത്ത ഗെയിംസിനായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ ഓരോന്നായി തലസ്ഥാനത്തേക്ക് എത്തിത്തുടങ്ങിയെന്നാണ് വിവരം. എന്നാല്‍ ഇവരെ ഗെയിംസ് വില്ലേജിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
രജിസ്ട്രേഷന് ആരംഭിക്കുന്ന മുറയ്ക്കായിരിക്കും താമസ സൗകര്യം നല്‍കുക. മേനംകുളത്തെ ഗെയിംസ് വില്ലേജ് താമസ യോഗ്യമായിട്ടില്ലിതുവരെ. അതിനുള്ള കഠിന ശ്രമത്തിലാണ് അധികൃതര്‍. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തട്ടിക്കൂട്ടി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഉദ്ഘാടന തീയതി വരെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍, ഇവിടെ ഉദ്ഘാടനം നടക്കുമോയെന്നത് സംശയമാണ്. കാണികള്‍ക്കിരിക്കാനുള്ള ഗ്യാലറികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ഗ്രൗണ്ടിന്റെ പണികള്‍ 40 ശതമാനമെങ്കിലും ഇനിയും തീരണം. റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല.
അഥവാ ഇതു വേഗത്തില്‍ പൂര്‍ത്തിയാകുമെങ്കില്‍ അത് ഗുണനിലവാരമില്ലാത്ത രീതിയിലായിരിക്കും പൂര്‍ത്തിയാക്കുക. ഗെയിംസ് കഴിഞ്ഞാല്‍ ഈ റോഡ് പിന്നെ ഉപയോഗിക്കാന്‍ കഴിയില്ലെന്നത് തീര്‍ച്ചയാണ്. ഗെയിംസിന് ഇനി വെറും 20 ദിവസം മാത്രം ബാക്കി നില്ക്കുമ്പോള് പൂര്‍ത്തിയാക്കാനുള്ള സ്റ്റേഡിയങ്ങളും റോഡുകളും മറ്റു നിര്‍മ്മാണങ്ങളും ഈ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് മന്ത്രിയും സംഘവും പറയുന്നത്. 19 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന നിര്‍മ്മാണങ്ങളുടെ കെട്ടുറപ്പ് എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ദീര്‍ഘവീക്ഷണമില്ലാതെ പോയ സര്‍ക്കാരിന്റേയും ഗെയിംസ് സെക്രട്ടേറിയറ്റിന്റേയും പ്രവര്‍ത്തനങ്ങളില്‍ മനസ്സു മടുത്താണ് കമ്മിറ്റികളില്‍ നിന്നും മെമ്പര്‍മാര്‍ രാജി വെച്ചുകൊണ്ടിരിക്കുന്നത്. രാജിയുടെ അളവ് വരും ദിവസങ്ങളില്‍ വര്ധിക്കുമെന്നാണറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: