പന്തളം: തിരുവാഭരണ ഘോഷയാത്രയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്കാണ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്.ഇതിനു മുന്നോടിയായി തിരുവാഭരണങ്ങളുടെ മിനുക്ക് പണികളും അവ അടക്കം ചെയ്തുകൊണ്ടുപോകുന്ന പേടകങ്ങളുടെ അറ്റകുറ്റപണികളും പൂര്‍ത്തിയായതായി കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാരവര്‍മ്മ പറഞ്ഞു.
പന്തളം വലിയകോയിക്കല്‍ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിക്കുന്ന തിരുവാഭരണം മകരവിളക്ക് ദിവസം ശബരിമലയിലെത്തിക്കുകയും അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുകയും ചെയ്യും.
മൂന്നു പെട്ടിയിലാണ് തിരുവാഭരണം കൊണ്ടുപോകുന്നത്.ഇതില്‍ പ്രധാനം ഗോപുരത്തിന്റെ ആകൃതിയിലുള്ള നെട്ടൂര്‍ പെട്ടിയില്‍ സൂക്ഷിച്ചിട്ടുള്ള തനി തങ്കത്തില്‍ തീര്‍ത്ത തിരുമുഖം,പ്രഭാമണ്ഡലം,വലിയ ചുരിക ,ചെറിയ ചുരിക,ആന,കടുവ,വെള്ളി കെട്ടിയ വലംപിരി ശംഖ്,ലക്ഷ്മി രൂപം,പൂന്തട്ടം,നവരത്നമോതിരം ,ശരപൊളി മാല,വെളക്കു മാല,മണി മാല,എറുക്കും പൂമാല,കഞ്ചമ്പരം എന്നിവയും രണ്ടാമത്തെ പെട്ടിയില്‍ തങ്കത്തില്‍ തീര്‍ത്ത കലശത്തിനുള്ള തൈലക്കുടവും ശബരിമലയില്‍ നടക്കുന്ന പ്രത്യേക പൂജകള്‍ക്കായുള്ള പൂജാപാത്രങ്ങളും ആണ്.
കൊടിപ്പെട്ടി എന്നുവിളിക്കുന്ന ദീര്‍ഘ ചതുരാകൃതിയിലുള്ള പെട്ടിയില്‍ മലദൈവങ്ങള്‍ക്കായുള്ള കൊടികള്‍,നെറ്റിപ്പട്ടം,ജീവിത,മെഴുവട്ടക്കുട എന്നിവയാണ്.തിരുവാഭരണ ഘോഷയാത്രയില്‍ ഉടനീളം നെട്ടൂര്‍ പെട്ടി ഒന്നാമതായും,കോടി പെട്ടി മൂന്നാമതായും ആണ് പോകുന്നത്.അന്‍പത്തിനാല് ദിവസത്തെ വ്രതമനുഷ്ട്ഠിച്ച ഇരുപത്തി രണ്ട് അയ്യപ്പഭക്തന്മാരാണ് തലച്ചുമടായി തിരുവാഭരണ പേടകങ്ങളുമായി പന്തളത്ത് നിന്നും ശബരിമലയിലേക്ക് പോകുന്നത്.
എല്ലാവര്‍ഷവും ധനു 28നാണ് തിരുവാഭരണം പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നതെങ്കിലും തലേദിവസം വൈകിട്ട് തന്നെ തിരുവാഭരണങ്ങള്‍ പേടകത്തിലടക്കം ചെയ്ത് കൊട്ടാരത്തില്‍ നിന്നും ദേവസ്വംബോര്‍ഡ് ഏറ്റുവാങ്ങി പിറ്റേദിവസം രാവിലെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവരും.അന്ന് വെളുപ്പിനെ ക്ഷേത്രത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം കണ്ടു തൊഴാന്‍ പതിനായിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. തിരുവാഭരണം കൊട്ടാരത്തില്‍ നിന്ന് ഏറ്റുവാങ്ങുന്ന നിമിഷം മുതല്‍ തിരികെ ശബരിമലയില്‍ നിന്നും തിരുവാഭരണം കൊട്ടാരത്തില്‍ തിരിച്ചെത്തിക്കും വരെ ഉള്ള ഉത്തരവാദിത്വം ദേവസ്വംബോര്‍ഡിനായിരിക്കും.
12ന് രാവിലെ 5ന് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം ദര്‍ശിക്കുവാന്‍ ഉച്ചയ്ക്ക് 12വരെ ഭക്തര്‍ക്ക് അനുവാദമുണ്ടായിരിക്കും. പന്ത്രണ്ട് മണിക്ക് ക്ഷേത്ര നടയടച്ച് വലിയ തമ്പുരാന്റെ സാന്നിധ്യത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.ഈ സമയം കൊട്ടാരത്തിലെ അംഗങ്ങള്‍ ഒഴികെ മറ്റാര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.ദീപാരാധനയോടെ പൂജാകര്‍മ്മങ്ങള്‍ അവസാനിച്ചാലുടന്‍ തന്നെ ആഭരണങ്ങള്‍ പേടകങ്ങളില്‍ അടച്ച് വീരാളിപ്പട്ട് വിരിച്ച് പൂമാലകള്‍ ചാര്‍ത്തി ഘോഷയാത്രയ്ക്ക് തയ്യാറാകും.അപ്പോഴേക്കും പൂജിച്ച ഉടവാളുമായി എത്തുന്ന മേല്‍ശാന്തിക്ക് പണക്കിഴി ദക്ഷിണയായി നല്കി വലിയതമ്പുരാന്‍ ഉടവാള് സ്വീകരിക്കും.പന്തളം രാജാവംശത്തിലെ വലിയ തമ്പുരാന് സ്ഥാനമേല്‍ക്കുന്നയാള്‍ പിന്നീട് ശബരിമല ദര്‍ശനം നടത്താന്‍ പാടില്ലാത്തതിനാല്‍ ഈ ഉടവാളുമായി തമ്പുരാന്റെ പ്രതിനിധിയായി ഇളമുറതമ്പുരാന് ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കും.
ഒരു മണിയോടെ ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നും പറന്നെത്തുന്ന രണ്ട് ശ്രീകൃഷ്ണ പരുന്തുകള്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകളില്‍ മൂന്ന് തവണ വട്ടമിട്ട് പറക്കുന്നതോടെ ക്ഷേത്രനട തുറക്കും. തിരുവാഭരണ ഘോഷയാത്രയ്ക്ക് തൊട്ടു പിന്നാലെ പല്ലക്കില്‍ വലിയ തമ്പുരാന്റെ പ്രതിനിധിയും പരിവാരങ്ങളും ഇരുമുടിയേന്തിയ അയ്യപ്പ ഭക്തന്മാരും യാത്രയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: