സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഐ’യുടെ റിലീസിങ് തടഞ്ഞു. പിക്സാര്‍ മീഡിയയുടെ പരാതിയെ തുടര്‍ന്നാണ് വിക്രം ശങ്കര്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന് താത്കാലിക സ്റ്റേ.
പിക്സാര്‍ മീഡിയ വര്ക്സിനുള്ള തുക കൊടുത്തു തീര്‍ക്കാത്തതിനെ തുടര്‍ന്ന് കമ്പനി ചിത്രത്തിന്റെ നിര്‍മാതാവായ ഓസ്കാര്‍ രവിചന്ദ്രനെതിരെ പരാതി കൊടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി ചിത്രത്തിന് മൂന്ന് ആഴ്ചത്തെ സ്റ്റേ ഏര്‍പ്പെടുത്തിയത്.
ജനുവരി 30 മുമ്പ് കൊടുക്കാനുള്ള തുക കൊടുത്തു തീര്‍ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ മണിക്കൂറുകള്‍ക്കകം പ്രശ്നം പരിഹരിച്ച് ചിത്രം പറഞ്ഞ സമയത്തു തന്നെ റിലീസ് ചെയ്യുമെന്ന് ഓസ്കാര്‍ രവിചന്ദ്രന്‍ അറിയിച്ചു.
പൊങ്കല്‍ റിലീസായി ജനുവരി 14 ന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് തീരുമാനിച്ചിരുന്നത്. നിരവിധി തവണ റിലീസിംഗ് മാറ്റിവച്ചതിന് ശേഷമാണ് ഒടുവില്‍ പൊങ്കലിന് എന്ന തീരുമാനത്തിലെത്തിയത്. 180 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രം കേരളത്തിലെ 224 തിയേറ്ററുകളിലുള്പ്പടെ ലോകമെമ്പാടും 20,000 ല്‍പരം തിയേറ്ററുകളിലാണ് റിലീസിനൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: