കൊട്ടാരക്കര: അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആന്ധ്ര സ്വദേശികളായ കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ മരിച്ചു.
ആന്ധ്ര ഗുണ്ടൂര്‍ അമരാവതിയില്‍ വേണുശങ്കറിന്റെ അമ്മ പാര്‍വ്വതി (55), ഭാര്യ കൃഷ്ണവേണി (32) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അച്ഛന് വെങ്കിട്ട റാവു(65), മകന് രുദ്രന്(3), വേണുശങ്കര്‍ (42) എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സ്വകാര്യാശുപത്രിയിലുമായി ചികിത്സയിലാണ്. ഇന്നലെ ഉച്ചക്ക് 2.30ന് പനവേലി മഞ്ചാടി മുക്കിലാണ് സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തിരുനെല്‍വേലി സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനിവാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടികൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തില്‍ മിനിവാനില്‍ ഉണ്ടായിരുന്ന ആറു പേര്‍ക്ക് പരിക്കേറ്റു. തിരുനെല്‍വേലി സ്വദേശികളായ മഹാരാജന് (24) മുത്തുരാജ് (19), ശരവണന് (30), തങ്കരാജന് (16), രവികുമാര്‍(30), അറുമുഖന് (19) എന്നിവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. കൊട്ടാരക്കര പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: