അഗളി: അട്ടപ്പാടിയില്‍ മാവോയിസ്റ്റ് അക്രമണത്തിനു കാരണം ഉദേ്യാഗസ്ഥ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. പ്രശ്നസാധ്യത പലപ്പോഴായി റിപ്പോര്‍ട്ടു ചെയ്തെങ്കിലും ഒരു വര്‍ഷമായി ജില്ലാ പോലീസ് കാര്യമായ പരിശോധനപോലും നടത്താത്തതു തീവ്രവാദികള്‍ക്കു സ്വാധീനം വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കിയെന്നാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്.
ഈ അവസ്ഥയില്‍ അട്ടപ്പാടി മേഖലയിലെ ഉദ്യോഗസ്ഥ സംവിധാനം അഴിച്ചുപണിയണമെന്ന് ഇന്റലിജന്‍സ് നിര്‍ദ്ദേശം നല്കി. നിലവിലെ സംവിധാനത്തിന് ആദിവാസികളുടെ വിശ്വാസം നേടിയെടുക്കാനായിട്ടില്ലെന്ന വിലയിരുത്തലുണ്ട്. കാര്യക്ഷമവും സത്യസന്ധവുമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ നിക്ഷിപ്ത താല്പര്യങ്ങളുടെ പേരില്‍ സ്ഥലം മാറ്റുന്നതു സ്ഥിതി വഷളാക്കുമെന്നും ആദിവാസികളോടു സഹാനുഭൂതിയും താല്പര്യവുമുള്ളവരെ മാത്രം മേഖലയില്‍ നിയമിക്കുക, അവരോടുള്ള വനംവകുപ്പിന്റെ നിലപാടുകള്‍ മയപ്പെടുത്തുക എന്നീ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എഡിജിപി സര്‍ക്കാരിനു നല്‍കിയതായി അറിയുന്നു.
ആദിവാസികളുടെ പേരില്‍ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും ഭൂമിപ്രശ്നവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണു മാവോയിസ്റ്റ് സംഘം പ്രചാരണം നടത്തുന്നത്. മാവോയിസ്റ്റ് സംഘവുമായി ബന്ധമുള്ളവര്‍ രണ്ടു വര്‍ഷമായി പല ഊരുകളും സന്ദര്ശിക്കുന്നതായാണു വിവരം. വനംജീവനക്കാര്‍ ആദിവാസികള്‍ക്ക് എതിരാണെന്നു വരുത്താന്‍ തുടര്‍ച്ചയായി ശ്രമം നടക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയിലെ മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കു ശേഷം എഡിജിപി ഊരുകള്‍ സന്ദര്‍ശിച്ച് ആദിവാസികളുമായി സംസാരിച്ചിരുന്നു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അട്ടപ്പാടിയിലെ സ്ഥിതി വഷളാകുമെന്നു റിപ്പോര്‍ട്ടിലുള്ളതായാണു സൂചന. ഏതെങ്കിലും സേനയെക്കൊണ്ടുമാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല പ്രദേശത്തെ പ്രശ്നങ്ങള്‍. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നു തീവ്രവാദികള്‍ക്കു വേഗത്തില്‍ അട്ടപ്പാടി അതിര്‍ത്തിമേഖലയില്‍ എത്താനും ഒളിവില്‍ കഴിയാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: