മട്ടാഞ്ചേരി: കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ കൊച്ചി സന്ദര്‍ശനം പ്രതീക്ഷകളുണര്‍ത്തുന്നു. കൊച്ചി തുറമുഖത്ത് പുതുതായി നിര്‍മ്മിച്ച ലക്ഷദ്വീപ് ടെര്‍മിനലിന്റെ ഉദ്ഘാടനവും യാത്രകപ്പല്‍ എംവി കോറല്‍സിന്റെ ആദ്യയാത്രാ ഫ്ളാഗ്ഓഫ് ചെയ്യുന്നതിനുമാണ് നിതിന്‍ ഗഡ്കരി കൊച്ചിയിലെത്തുന്നത്.
ഇന്നലെ വൈകിട്ട് എത്തിയ കേന്ദ്ര ഷിപ്പിങ് മന്ത്രി ഇന്ന് ഉച്ചയ്ക്ക് മടങ്ങും. ഇതിനിടെ സിഐഐ ഭാരവാഹികളുമായും വിവിധ വ്യവസായ സംഘടനാ പ്രതിനിധികളുമായും കേന്ദ്രമന്ത്രി ചര്‍ച്ചകള്‍ നടത്തും. കൊച്ചി തുറമുഖം, കൊച്ചിന് ഷിപ്പ്യാര്ഡ് എന്നിവിടങ്ങളില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സന്ദര്‍ശനം നടത്തും.
വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധഘട്ടങ്ങളിലായി കേന്ദ്രഫണ്ടില്നിന്നെടുത്ത വായ്പയും പലിശയുമടങ്ങുന്ന വന്‍തുകയുടെ ബാധ്യതയും ഡ്രഡ്ജിങ്ങിന്റെ പേരിലുള്ള ചെലവും വരുമാനക്കുറവും മൂലമുള്ള വന്‍ സാമ്പത്തികഭാരത്തില്പ്പെട്ടുഴലുന്ന കൊച്ചി തുറമുഖത്തിന്റെ പ്രശ്നങ്ങള്‍ മന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കാനാണ് തുറമുഖട്രസ്റ്റ് അധികൃതരുടെ നീക്കം.
ഇത് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത് തുറമുഖട്രസ്റ്റിന് ഏറെ പ്രതീക്ഷയുമുണര്ത്തുന്നുണ്ട്.
കൊച്ചിന് ഷിപ്പ്യാര്ഡില് സന്ദര്‍ശനം നടത്തുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നാവികസേനയ്ക്ക് നിര്‍മ്മിക്കുന്ന വിമാനവാഹിനി കപ്പലിന്റെ നിര്‍മ്മാണ പുരോഗതിയും എല്‍എന്‍ജി ടാങ്കര്‍ നിര്മ്മാണസാധ്യതകള് തുടങ്ങി വിവിധതല വികസനപ്രവര്‍ത്തനങ്ങളെയും വിലയിരുത്തുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: