പെരുമ്പാവൂര്‍: സോളാര്‍തട്ടിപ്പ് കേസിലെ വിചാരണ പെരുമ്പാവൂര്‍ കോടതിയില്‍ ആരംഭിച്ചു. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി സജാതിനെ 40ലക്ഷം രൂപ തട്ടിച്ച കേസാണ് പെരുമ്പാവൂര്‍ കോടതിയില്‍ നിലവിലുള്ളത്. ഈ കേസില്‍ വാദിയായ സജാതിനെ ക്രോസ് വിസ്താരം നടത്തുന്നതിനാണ് ഇന്നലെ കേസ് വച്ചിരുന്നത്.
വാദിയെ ക്രോസ് ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സരിതയുടെ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് പ്രഭാഷ്ലാല്‍ ഇത് നിരസിക്കുകയായിരുന്നു. കേസ് സംബന്ധിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ലഭിച്ചില്ലെന്നായിരുന്നു സരിതയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചത്. എന്നാല്‍ ഇതിനെല്ലാം ആവശ്യത്തിന് സമയം ലഭിച്ചെന്നും ഇവയെല്ലാം മുന്‍കൂട്ടി ശേഖരിക്കണമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
രണ്ടാം സാക്ഷിയെ ക്രോസ് വിസ്താരം നടത്തിയശേഷം സജാതിനെ ക്രോസ് ചെയ്യാന്‍ അനുവദിക്കണമെന്നും അഭിഭാഷകന് അപേക്ഷ നല്‍കിയെങ്കിലും, പബ്ലിക് പ്രോസിക്യൂട്ടറുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ അപേക്ഷയും കോടതി തള്ളി.
സരിത.എസ്.നായര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. എന്നാല്‍ ബിജു രാധാകൃഷ്ണന് വാദിയെ സ്വയം ക്രോസ് ചെയ്യുകയായിരുന്നു. മറ്റ് പ്രതികളായ ശാലുമേനോന്, ശാലുവിന്റെ മാതാവ് എന്നിവരുടെ അഭിഭാഷകനും വാദിയെ ക്രോസ് വിസ്താരം നടത്തിയില്ല.
മൂന്നാം പ്രതി മണിമോന്റെ ഭാഗം ക്രോസ് വിസ്താരത്തിനായി കേസ് അടുത്ത 22ലേക്ക് മാറ്റി. സജാതില് നിന്നും പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് സോളാര്‍ തട്ടിപ്പിലെ ആദ്യകേസ്.
എന്നാല്‍ പ്രമാദമായ ഒരു കേസില്‍ പ്രതി തന്നെ ക്രോസ് വിസ്താരം നടത്തിയത് കൗതുകമായി.
കുറിക്കു കൊള്ളുന്ന ചോദ്യങ്ങളാണ് ബിജു രാധാകൃഷ്ണന്, സജാതിന് നേരെ എയ്ത് വിട്ടത്. സജാത് പോലീസിലും, കോടതിയിലും പറഞ്ഞ മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ ബിജു ചോദിച്ചു.
വാദിക്ക് 40ലക്ഷംരൂപ എവിടെ നിന്ന് ലഭിച്ചു. ഇതിന്റെ ഉറവിടമെന്ത് എന്നി ചോദ്യങ്ങളാണ് ബിജു ചോദിച്ചത്. എന്നാല്‍ ഇതിനെല്ലാം വ്യക്തമായ മറുപടിയാണ് വാദി സജാത് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: