കുന്നത്തൂര്‍: വീട്ടിലെ വൈദ്യുതിമോഷണം പരിശോധിക്കാനെത്തിയ വൈദ്യുതിവകുപ്പിന്റെ ആന്റിതെഫ്റ്റ് സ്ക്വാഡ് അംഗങ്ങളെ ഗൃഹനാഥനായ ഡിവൈഎഫ്ഐ നേതാവ് മര്‍ദ്ദിച്ചു. മുതുപിലാക്കാട് അശ്വതി ജംഗ്ഷനില്‍ കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം.
രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് പരിശോധനക്കായി ആന്റിതെഫ്റ്റ് സ്ക്വാഡ് അംഗങ്ങള്‍ സ്ഥലത്തെത്തി. മദ്യലഹരിയിലായിരുന്ന ഡിവൈഎഫ്ഐ നേതാവായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഇവരെ തടയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ ശാസ്താംകോട്ട പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രാദേശിക സിപിഎം നേതാക്കള്‍ ഇത് തടയുകയും പോലീസിനെ തടഞ്ഞുവെക്കുകയും ചെയ്തു.
മര്‍ദ്ദനമേറ്റ ജീവനക്കാര്‍ സിപിഎം അനുകൂല സംഘടനയില്‍പ്പെട്ടവരായതിനാല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നേതാക്കള്‍ ശ്രമം നടത്തിയെങ്കിലും ജീവനക്കാര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് സിപിഎം ഉന്നത നേതൃത്വത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വൈദ്യുതിവകുപ്പ് ജീവനക്കാര്‍ പരാതി പിന്‍വലിച്ചു. തുടര്‍ന്ന് പ്രതിയില്‍ നിന്നും മാപ്പപേക്ഷ എഴുതിവാങ്ങി പോലീസ് ഇയാളെ മോചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: