പത്തനാപുരം: പെണ്‍കുട്ടി വിവാഹവാഗ്ദാനം നിരസിച്ചതിനെചൊല്ലി അക്രമാസക്തനായ ഡിഎച്ച്ആര്‍എം പ്രവര്ത്തകന് പെണ്‍കുട്ടിയുടേതുള്‍പ്പെടെ മൂന്നു വീടുകള്‍ അടിച്ചുതകര്‍ത്തു. വീടുകളിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ നശിപ്പിക്കുകയും ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തു.
പത്തനാപുരം പിടവൂര്‍ രതീഷ്ഭവനില്‍ അരുണ്‍ (29) ആണ് ആക്രമണം നടത്തിയത്. പനമ്പറ്റ അരുവിത്തറ കൈലാസത്തില്‍ മനുഭവനില്‍ ഗോമതിയുടെയും ബന്ധുക്കളുടെയും വീടുകളിലാണ് ആക്രമണം നടത്തിയത്. ഗോമതിയുടെ മകളുമായി പ്രണയത്തിലായിരുന്ന യുവാവ് കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെ ഗോമതിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ തനിക്കൊപ്പം വിടാന്‍ ആവശ്യപ്പെട്ടു. ഗോമതിയും ഇളയമകനും എതിര്‍ത്തതോടെ വീടിനുമുന്നിലെ മരത്തില്‍ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി.
തുടര്‍ന്ന് മരത്തില്‍ നിന്നിറങ്ങിയശേഷം കയ്യില്‍ കരുതിയിരുന്ന കമ്പിപ്പാരയുമായി ആക്രോശിച്ചുകൊണ്ട് ഗോമതിയെയും പെണ്‍കുട്ടിയെയും സഹോദരനെയും മര്‍ദ്ദിക്കുകയും വീട്ടിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ അടിച്ചു നശിപ്പിക്കുകയുമായിരുന്നു. നിലവിളികേട്ട് സമീപത്ത് താമസിക്കുന്ന ഗോമതിയുടെ അമ്മ കുഞ്ഞിപ്പെണ്ണ് (75), സഹോദരി ഇന്ദിര (59) ഓടിയെത്തി. തടസം പിടിച്ചെങ്കിലും അവരെയും ക്രൂരമായി മര്‍ദ്ദിക്കുകയും അവരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്തു.
ഹൃദയശസ്ത്രക്രിയക്ക് വിധേയയായി ചികിത്സയിലായിരുന്ന കുഞ്ഞിപ്പെണ്ണ് യുവാവിന്റെ ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെയും സഹോദരന്റെയും സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍കാര്‍ഡ്, തിരിച്ചറിയില്‍ കാര്‍ഡ് തുടങ്ങിയ വിലപ്പെട്ട രേഖകള്‍ തീയിട്ടുനശിപ്പിച്ചു. കിണറുകളില്‍ ആസിഡൊഴിച്ചു. കാലിത്തൊഴുത്തുകള്‍ നശിപ്പിച്ചശേഷം മിണ്ടാപ്രാണികളെയും ആക്രമിച്ചു. കക്കൂസ്, കുളിമുറി, പമ്പ്സെറ്റ് എന്നിവയും അടിച്ചുതകര്‍ത്തു.
പെണ്‍കുട്ടിയുടെ പിതാവ് വര്‍ഷങ്ങള്‍ക്കുമുമ്പ് മരണപ്പെട്ടിരുന്നു. ഡിഎച്ച്ആര്‍എം പ്രവര്‍ത്തകനും കേസുകളില്‍ പ്രതിയുമാണ് ഇയാള്‍. കുന്നിക്കോട് പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ അന്വേഷണം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: