മട്ടാഞ്ചേരി: വ്യാപാര-വില്പന ശാലകളുടെ മറവില്‍ ചെറുകിട-വന്‍കിട അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ എസ്. സുഹാസ് നിര്‍ദ്ദേശിച്ചു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ അധികചുമതല ലഭിച്ചശേഷം ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്ക് സബ് കളക്ടര്‍ ഉത്തരവിട്ടത്.
ഫോര്‍ട്ടുകൊച്ചി കടപ്പുറമടക്കമുള്ള ടൂറിസം കേന്ദ്രങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടി ഉടനുണ്ടാകും. വഴിയോരങ്ങളില്‍ ചെറുകിട ഉന്തുവണ്ടികള്‍ വൈകുന്നേരങ്ങളില്‍ നീക്കംചെയ്ത് പകല്‍സമയങ്ങളില്‍ മാത്രം വില്‍പ്പനയ്ക്കെത്തുന്ന സംവിധാനം നടപ്പിലാക്കും. ഇതിനകം ഒട്ടേറെ തവണ പൈതൃത-ടൂറിസം മേഖലയില്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നുവെങ്കിലും വീണ്ടും ഇവ പുനസ്ഥാപിക്കുന്നത് തുടരുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് എല്ലാദിവസവും കയ്യേറ്റങ്ങള്‍ കണ്ടെത്താനും നീക്കംചെയ്യാനും പുനസ്ഥാപിക്കാതിരിക്കാനും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും സബ്കളക്ടര്‍ വ്യക്തമാക്കി.
ഡിസംബര്‍ രണ്ടാംവാരം നടന്ന അനധികൃത കയ്യേറ്റം ഒഴിപ്പിക്കലിനെ തുടര്‍ന്ന് നിയമനടപടിക്ക് കച്ചവടക്കാര്‍ നീക്കംനടക്കുമ്പോഴാണ് അധികൃതര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: