പറവൂര്‍: പെരുവാരം മഹാദേവ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടക്കുന്നതായി പരാതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള പെരുവാരം മഹാദേവ ക്ഷ്വേത്രത്തില്‍ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയവും ആചാരവിരുദ്ധവും അഴിമതിയുമാണെന്ന് കാണിച്ച് ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകനായ വി.വി. വേണുഗോപാലനാണ് തിരുവിതാംകൂര്‍ ദേവസ്വം ഓംബുഡ്സ്മാന് പരാതി നല്‍കിയിരിക്കുന്നത്.
ക്ഷേത്ര ചുറ്റമ്പലത്തിന്റെ മര ഉരുപ്പടികള്‍കൊണ്ട് നിര്‍മിച്ചിട്ടുള്ള വിളക്കുമാടത്തിന്റെ അടിപ്പടിയും ക്ഷേത്രതറയോട് ചേര്‍ന്നതുമായ അടിപ്പടികള്‍ മാറ്റി കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിച്ചിരിക്കുകയാണ്. അടിപ്പടിയുടെ സ്ഥാനത്ത് നിക്ഷേപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് നീക്കം ചെയ്ത് മരംകൊണ്ട് നിര്‍മിച്ച അടിപ്പടി സ്ഥാപിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ചുറ്റമ്പലത്തിന്റെ പുരാതനമായി ചെത്തി രൂപപ്പെടുത്തിയ കരിങ്കല്ലുകള്‍ പാകിയ തറയുടെ മുകളില്‍ പുനരുദ്ധാരണത്തിന്റെ പേരില്‍ അനാവശ്യമായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ടൈല്‍സ് വിരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ലക്ഷക്കണക്കിന് രൂപ ധൂര്ത്തടിക്കുന്നതിനുവേണ്ടിയും കരാറുകാരന് അമിതമായി
ലാഭമുണ്ടാക്കുന്നതിനുവേണ്ടിയുമാണ്. പണി നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരാരും തന്നെ വന്ന് നോക്കാറില്ലെന്ന് പറയുന്നു. കരാറുകാരന് സ്വന്തം ഇഷ്ടപ്രകാരം പണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എതിര്‍കക്ഷികളായ ദേവസ്വം ബോര്‍ഡ് സെക്രട്ടറി, കമ്മീഷണര്‍, വൈക്കം ഡെപ്യൂട്ടി കമ്മീഷണര്‍, പറവൂര്‍ സബ്ഗ്രൂപ്പ് അസി. കമ്മീഷണര്‍, പെരുവാരം സബ് ഗ്രൂപ്പ് ഓഫീസര്‍ എന്നിവരെ തല്‍സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം നടത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: