പാലക്കാട്: ഭക്തിയുടെയും ആഹ്ളാദത്തിന്റെയും നിറവില്‍ നാടെങ്ങും തിരുവാതിര ആഘോഷിച്ചു. ഹൈന്ദവ ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും വര്‍ണാഭമായ ആഘോഷങ്ങളാണ് നടന്നത്.
പട്ടാമ്പി കൈത്തളി മഹാദേവക്ഷേത്രത്തില്‍ സപ്താഹത്തിന്റെയും തിരുവാതിര ആഘോഷങ്ങളുടെയും ഭാഗമായി നടന്ന ഭാഗവത സപ്താഹം സമാപിച്ചു. ഇന്നലെ ഉച്ചയ്ക്കു യജ്ഞസമര്‍പ്പണവും വൈകുന്നേരം പാരൂര് ഹരിയും ചെറുതാഴം ചന്ദ്രനും ചേര്‍ന്ന് അവതിപ്പിച്ച ഇരട്ടത്തായമ്പകയും അരങ്ങേറി. തിരുവാതിര ആഘോഷങ്ങള്‍ ഇന്ന് സമാപിക്കും. രാവിലെ വിശേഷാല്‍ പൂജകളും വൈകിട്ടു 4.30ന് അലങ്കാര ദര്‍ശനവും 6.15നു ദീപാരാധനയും നടക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറു വരെ കൈത്തളി നൃത്ത സംഗീതോല്‍സവം നടക്കും. രാത്രി ഏഴിനു ഗോട്ടി പുവ്വ ഒഡീഷ നൃത്തം നടക്കും.
ചെത്തല്ലൂര്‍ കൊടക്കാട് ശിവക്ഷേത്രത്തില്‍ തിരുവാതിര ആഘോഷിച്ചു. തന്ത്രി നാരായണമംഗലത്ത് കുമാരസ്വാമി ഭട്ടതിരിപ്പാട്, കുറുത്തേടത്ത് നാരായണന്‍നമ്പൂതിരി എന്നിവര്‍ കാര്‍മികരായി.
കുണ്ടൂര്‍ക്കുന്ന് കീഴ്ശ്ശേരി ശിവക്ഷേത്രത്തില്‍ തിരുവാതിര ആഘോഷം നടന്നു. രാവിലെ മേല്‍ശാന്തി കൃഷ്ണസ്വാമിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍പൂജകള്‍. കാഴ്ചശീവേലി എഴുന്നള്ളിപ്പ്, മേളം, തായമ്പക, വൈകീട്ട് അഞ്ച് ആന, പഞ്ചവാദ്യവുമായി എഴുന്നള്ളിപ്പ്, തിരിച്ചെഴുന്നള്ളിപ്പ്, പ്രദക്ഷിണം എന്നിവയുണ്ടായിരുന്നു.
ശ്രീകൃഷ്ണപുരം ടി.കെ.ഡി. സ്മാരക പൊതുജന വായനശാലയുടെ വായനാവേദി നൂറുപേര് പങ്കെടുക്കുന്ന തിരുവാതിരക്കളി ഒരുക്കി. പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി. സവിത ഉദ്ഘാടനം ചെയ്തു. തിരുവാഴിയോട് ശിവക്ഷേത്രത്തിലും തിരുവാതിരയാഘോഷം നടന്നു.
തത്തമംഗലം മേട്ടുപ്പാളയം ഗുരുസ്വാമിയാര്‍ മഠത്തില്‍ തിരുവാതിരയൂട്ട് ഉത്സവം ഇന്ന് ആഘോഷിക്കും. രാവിലെ അഭിഷേകപൂജ, അന്നപൂജ, പ്രസാദ ഊട്ട്, വൈകീട്ട് പാണ്ടിമേളം എന്നിവ നടക്കും. ചൊവ്വാഴ്ച മറുപൂജയോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: