അഗളി: സൈലന്റ് വാലി ദേശീയോദ്യാനത്തിലെയും പരിസരത്തുമുള്ള ആദിവാസി ഊരുകളുടെ വികസനം ലക്ഷ്യമാക്കി പുതിയ ഫൗണ്ടേഷന് വരുന്നു. സൈലന്റ് വാലി കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന് എന്ന പേരിലായിരിക്കും പദ്ധതി. ആദിവാസികള്‍ക്ക് സ്ഥിരം തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിനൊപ്പം അവരുടെ പങ്കാളിത്തോടെ സൈലന്റ്വാലിയുടെ സംരക്ഷണവും ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടുകളുടെ നടത്തിപ്പുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
മൊത്തം 237.52 ചതുരശ്ര കിലോമീറ്ററുള്ള ഉദ്യാനത്തിനുള്ളില്‍ ഏഴ് ഊരുകളാണ് ഉള്ളത്. ആദിവാസികള്‍ ശേഖരിക്കുന്ന വന ഉല്പന്നങ്ങള്ക്കു വിപണി കണ്ടെത്താനുള്ള സംവിധാനവും ഇതിന്റെ ഭാഗമായി തുടങ്ങും. വകുപ്പ് മന്ത്രി ചെയര്‍മാനായി ആരംഭിക്കുന്ന ഫൗണ്ടേഷനില്‍ വനം മേധാവി ഉള്‍പ്പെടെ ഉന്നതഉദ്യോഗസ്ഥരും ജനപ്രതിനിധികളും അംഗങ്ങളായിരിക്കും.മണ്ണാര്‍ക്കാട് താലൂക്കിലെ മുഴുവന്‍ ആദിവാസി ഊരുകളും ഇതിനു കീഴില്‍ കൊണ്ടുവരുന്നത് പരിഗണനയിലാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം കൊണ്ട് പ്രവര്‍ത്തിക്കുന്ന സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിനും ഇതുവഴി വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയും. ദേശീയ ഉദ്യാനത്തിന്റെ തുടക്കം മുതല്‍ ആദിവാസികളെ വാച്ചര്‍മാരായി നിയമിക്കുന്നുണ്ടെങ്കിലും അവര്‍ക്കു കൂടുതല്‍ സഹായങ്ങളൊന്നും നല്കാന് വകുപ്പിനു കഴിയുന്നില്ല. പ്രദേശങ്ങളില്‍ നിന്നു വന ഉല്പന്നങ്ങളും വീട്ടാവശ്യത്തിനുളള മരങ്ങളും എടുക്കുന്ന ആദിവാസികള്‍ക്ക് പലപ്പോഴും നടപടി നേരിടേണ്ട അവസ്ഥയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: