തിരുവനന്തപുരം: നേരത്തെ അടച്ചുപൂട്ടിയ ബാറുകളില്‍ നൂറിലധികം ഇന്നുമുതല്‍ ബിയര്‍, വൈന്പാര്ലറുകളായി തുറക്കും. സര്‍ക്കാറിന്റെ പുതിയ മദ്യനയം അനുസരിച്ച് ബിയര്‍, വൈന്‍ ലൈസന്‍സ് നേടിയവയാണ് ഇവ.
നിലവാരമില്ലെന്ന് കണ്ടതിനെതുടര്‍ന്ന് 2014 മാര്‍ച്ച് 31ന് അടച്ച് പൂട്ടിയ ബാറുകളാണിവ. ലൈസന്‍സ് നേടിയവയാണ് ഇന്ന് തുറക്കുന്നത്. ശേഷിക്കുന്നവ അടുത്തദിവസങ്ങളിലായി പ്രവര്‍ത്തനം തുടങ്ങും. സര്‍ക്കാരിന്റെ പരിശോധനയില്‍ വൃത്തിയുള്ളതെന്ന് കണ്ടെത്തിയ നൂറിലധികം ബാറുകള്‍ക്കാണ് ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കിയത്. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റുള്ളതിനും ലൈസന്‍സ് നല്‍കും.
22 ലൈസന്‍സുകള്‍ ഇതിനകം ലഭിച്ച കൊല്ലം ജില്ലയിലാണ് കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍ ഇന്ന് തുറക്കുന്നത്. പത്തനംതിട്ട 14, കണ്ണൂരില്‍ 11, പാലക്കാട് 10, വയനാടില്‍ ഒന്‍പത്, തിരുവനന്തപുരത്ത് ഏഴ് എന്നിങ്ങനെയാണ് കണക്കുകള്‍.
ബിവറേജസ് വെയര്‍ ഹൗസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവധിയായതിനാല്‍ സ്റ്റോക്കെടുക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും ലൈസന്‍സ് ലഭിച്ചവയെല്ലാം ഇന്ന് മുതല്‍ തന്നെ തുറക്കും. അടച്ച് പൂട്ടിയപ്പോള്‍ ഇവിടങ്ങളിലുണ്ടായിരുന്ന മദ്യം ബിവറേജസ് കോര്പറേഷന് തിരിച്ചെടുത്തിരുന്നില്ല.ബിയര്‍, വൈന്‍ ലൈസന്‍സിന്റെ മറവില്‍ ഇവ വിറ്റഴിക്കുമോയെന്നും ആശങ്കയുയര്‍ന്നിട്ടുണ്ട്.
നിലവിലുള്ള അംഗീകൃത ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കണമെന്ന വ്യവസ്ഥയോടെ നാലുലക്ഷം രൂപ ലൈസന്‍സ് ഫീസ് വാങ്ങിയാണ് ബിയര്‍ വൈന്‍ വില്പനക്കുള്ള അനുമതി നല്‍കിയത്. അടച്ചുപൂട്ടിയപ്പോള്തന്നെ മിക്കബാറുകളും നവീകരിച്ചിരുന്നു.അതിനാല്‍ ഭൂരിഭാഗം സ്ഥാപനങ്ങളും ബിയര്‍, വൈന്‍ ലൈസന്‍സ് സംഘടിപ്പിക്കുമെന്നുറപ്പാണ്.
മദ്യനയത്തിലെ തിരുത്തലുകളെച്ചൊല്ലി കോണ്‍ഗ്രസിലുണ്ടായ ഭിന്നത ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച കെപിസിസി, സര്‍ക്കാര്‍ ഏകോപനസമിതി ചേരാനിരിക്കേയാണ് പഴയബാറുകള് പുതിയ ലൈസന്‍സുമായി വീണ്ടും തുറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: