കോഴിക്കോട്: റെയില്‍വേ പാളത്തില്‍ ഇരുമ്പ് പൈപ്പ് കണ്ടെത്തി. അട്ടിമറിശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് നഗരത്തില്‍ നിന്ന് പാലക്കാട് റൂട്ടില്‍ ആറു കിലോമീറ്റര്‍ അകലെ കുണ്ടായിത്തോട് വാട്ടര്‍ ടാങ്കിന് സമീപം റെയില്‍വേ പാളത്തിലാണ് ഇന്നലെ പുലര്‍ച്ചെ ഇരുമ്പു പൈപ്പ് കണ്ടെത്തിയത്. പൈപ്പിന് ആറടി നീളവും മൂന്നിഞ്ചു വീതിയുമുണ്ട്.
ആറു മാസം മുമ്പ് പാളത്തില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപമായാണ് ഇന്നലെ ഇരുമ്പ് പൈപ്പ് കണ്ടെത്തിയത്.
പുലര്‍ച്ചെ മൂന്നു മണിക്ക് മംഗളുരു-സാന്ദ്രക്കാച്ചി എക്സ്പ്രസ് കടന്നുപോകുന്നതിന്റെ തൊട്ട് മുമ്പാണ് ട്രാക്കിന് കുറുകെ ഇരുമ്പു പൈപ്പ് കണ്ടെത്തിയത്.
ഈ തീവണ്ടി വരുന്നതിന് തൊട്ടുമുമ്പ് ഫറോക്ക് സ്റ്റേഷനില്‍ നിന്ന് കോഴിക്കോട്ടേക്കു പോകുകയായിരുന്ന എഞ്ചിന് ബോഗിയുടെ ലോക്കോ പൈലറ്റ് പരമേശ്വരനാണ് ആദ്യം പൈപ്പ് കണ്ടത്. ഉടനെ കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. മംഗളുരു-സാന്ദ്രക്കാച്ചി എക്സ്പ്രസ്സിലെ ലോക്കോ പൈലറ്റ് സനല്‍കുമാറാണ് ഇരുമ്പു പൈപ്പ് സ്റ്റേഷനില്‍ എത്തിച്ചത്.
പുലര്‍ച്ചെ രണ്ടേമുക്കാലിന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ഈ ട്രാക്കിലൂടെ കടന്നുപോകുമ്പോള്‍ പൈപ്പ് കണ്ടിരുന്നില്ല. പിന്നീട് പത്തു മിനിറ്റിനു ശേഷം തീവണ്ടിയുടെ എഞ്ചിന് ഭാഗം മാത്രം പോകുമ്പോഴാണ് ലോക്കോ പൈലറ്റ് പൈപ്പ് കാണുന്നത്. ഈ പത്തു മിനിറ്റിനിടെ ആരോ ഇരുമ്പ് പൈപ്പ് കൊണ്ടിട്ടതാകാമെന്ന് സംശയിക്കുന്നു. മാവോയിസ്റ്റുകളോ സമാന വിഭാഗങ്ങളോ സംഭവത്തിന് പിന്നിലുണ്ടാവാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അട്ടിമറി സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് റെയില്‍വേ പോലീസ് പാലക്കാട് ഡിവൈഎസ്പി ഒ.കെ. ശ്രീരാമന് സ്ഥലം സന്ദര്‍ശിച്ചശേഷം പ്രതികരിച്ചു.
പാളത്തിലെ തടസ്സങ്ങള്‍ നീക്കാന്‍ ട്രെയിനിന് മുമ്പില്‍ സംവിധാനമുള്ളതിനാല്‍ വലിയ ഭാരമില്ലാത്ത പൈപ്പ് തെറിച്ചുപോകാനായിരുന്നു സാദ്ധ്യതയെന്നാണ് റെയില്‍വേ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, അപകടത്തിനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല. ഗൗരവത്തോടെയാണ് അധികൃതര്‍ സംഭവത്തെ കാണുന്നത്.
റെയില്‍വെ പോലീസിന് പുറമെ നല്ലളം സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘവും സംഭവം അന്വേഷിക്കും. പാളത്തില്‍ കണ്ടെത്തിയ ഇരുമ്പ് പൈപ്പ് മോഷ്ടിച്ചതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: