ആലപ്പുഴ: കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ആലപ്പുഴ ബീച്ചില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചുംബനസമരം പൊളിഞ്ഞു. സമരം നടത്താന്‍ ആളില്ലാതിരുന്നതാണ് പൊളിയാന്‍ കാരണം. ചുംബനം നടത്താന്‍ ബീച്ചില്‍ എത്തിയ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മുതല്‍ ഒരു മണിക്കുര്‍ സമയമാണ് സമരത്തിന് പോലീസ് അനുമതി നല്‍കിയിരുന്നത്. ഇതിന് ശേഷം ചുംബിക്കുമെന്ന് പ്രഖ്യാപിച്ചെത്തിയ ഇരുപതോളം പേരെ ബീച്ചില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ കോണ്‍വന്റ് സ്ക്വയറില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണ് ബീച്ചില്‍ ചുംബിക്കാന്‍ ആളില്ലാതെ പോയത്.
ഇതിനിടെ ബീച്ചില്‍ ചുംബനക്കാര്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച ശാസ്ത്രസാഹിത്യ പരിഷത്ത് നേതാവും മുന്‍മന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഗോപകുമാര്‍ ഉള്‍പ്പടെയുളള ആറു പേരെയും പോലീസ് അറസ്റ്റു ചെയ്തു നീക്കി.
കോഴിക്കോട്ടും കൊച്ചിയിലും സമരക്കാരെയും പ്രതിഷേധക്കാരെയും പോലീസ് നിയന്ത്രിക്കാന്‍ പരാജയപ്പെട്ടിരുന്നെങ്കിലും ഇവിടെ പോലീസ് നടപടി കാര്യക്ഷമമായിരുന്നു. സമരം നടത്താന്‍ കഴിയാതെ പൊളിഞ്ഞതോടെ കിടങ്ങാം പറമ്പിലെ തോമസ് ഐസക്ക് എംഎല്‍എയുടെ ഓഫീസിനടുത്ത് ഏതാനും പേര് മൂദ്രാവാക്യം വിളിച്ച് ചുംബിച്ച് മടങ്ങുകയായിരുന്നു.
നിരവധി സംഘടനകളാണ് ചുംബന സമരത്തിനെതിരെ പ്രതിഷേധിച്ച് ബീച്ചിലെത്തിയത്. കൂടാതെ സമരം കാണാനും ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടി.
മധ്യമേഖല ഐ ജി എം.ആര്. അജിത്കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് ബീച്ചിലും സമീപപ്രദേശങ്ങളിലുമായി തമ്പടിച്ചത്. അവധി ദിവസമായ ഇന്നലെ ബീച്ചിലെത്തുന്ന വിനോദസഞ്ചാരികളെപ്പോലും കയറ്റി വിടാതെയുളള സുരക്ഷയാണ് പോലീസ് ഒരുക്കിയത്. ബീച്ചില്‍ സംഘര്‍ഷമുണ്ടാകുമെന്ന് നേരത്തെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ എല്ലാ പഴുതും അടച്ചായിരുന്നു പോലീസിന്റെ നീക്കം.
സമരത്തിനെതിരെ പ്രതിഷേധിക്കാന്‍ എത്തിയവരെയും പോലീസ് അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു. ഒരു എംഎല്‍എയുടെയും അദ്ദേഹത്തിന്റെ അടുപ്പക്കാരായ ശാസ്ത്രസാഹിത്യ പരിഷത്തുകാരും മാത്രമാണ് ചുംബന സമരത്തിന്റെ പേരില്‍ നാട്ടില്‍ കലാപത്തിന് ശ്രമിച്ചത്. പക്ഷെ പോലീസിന്റെയും പ്രതിഷേധിക്കാന്‍ എത്തിയവരുടെയും അവസരോചിതമായ ഇടപെടലും സംയമനവും മൂലം ഈ നീക്കം പൊളിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: