കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്നും സി.എം. ദിനേശ്മണി ഒഴിവാകും. പകരം പിണറായിപക്ഷത്തെ പ്രമുഖനും ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരുമായ സി.എം. മോഹനന് സെക്രട്ടറിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യത.
തൃപ്പൂണിത്തുറയില്‍ 13 ന് ആരംഭിക്കുന്ന ജില്ലാ സമ്മേളനത്തില്‍ സി.എം.ദിനേശ്മണിയെ ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വം ധാരണയില്‍ എത്തിയതായിട്ടാണ് സൂചന. ദിനേശ്മണിക്ക് സംഘടനയെ ചലിപ്പിക്കാനായില്ലെന്ന താഴെതട്ടില്‍നിന്നുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണിത്.
ലോക്കല്‍, ഏരിയാ സമ്മേളനങ്ങളില്‍ ഇരുപക്ഷത്തുള്ളവരും ജില്ലാസെക്രട്ടറിയുടെ തണുപ്പന്‍ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. പിണറായിപക്ഷക്കാരനാണെങ്കിലും ജില്ലാ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഗൗരവത്തോടെയാണ് ഔദ്യോഗികപക്ഷം കണക്കിലെടുത്തിരിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.
സി.എം. മോഹനനെ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് കൊണ്ടുവരുമ്പോള്‍ ദിനേശ്മണിക്ക് ദേശാഭിമാനി യൂണിറ്റ് മാനേജര്‍സ്ഥാനം നല്‍കാനും നേതൃത്വം ആലോചിക്കുന്നുണ്ട്.
നിലവില്‍ സംസ്ഥാനസമിതിയംഗമായ സി.എം. മോഹനന് പിണറായിപക്ഷത്തെ ആദ്യത്തെ രണ്ടുപേരില്‍ ഒരാളാണ്. വിഎസ് പക്ഷത്തിന്റെ തട്ടകമായിരുന്ന ജില്ലയില്‍ പിണറായിപക്ഷത്തിന് പേരുണ്ടാക്കിയവരില് പ്രമുഖനായിരുന്നു മോഹനന്.
പിന്നീടാണ് പി. രാജീവ് എംപി ഉള്‍പ്പെടെയുള്ളവര്‍ പിണറായിപക്ഷത്ത് സജീവമായത്. ഇക്കാര്യവും മോഹനന്റെ പേര് ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നതിനും കാരണമായിട്ടുണ്ട്. പുത്തന്‍കുരിശ് സ്വദേശിയായ മോഹനന് ഉള്‍പ്പെടുന്ന കോലഞ്ചേരി ഏരിയാ കമ്മറ്റി ഇക്കുറിയും വിഎസ് പക്ഷം നിലനിര്‍ത്തിയിട്ടുണ്ട്.
ഏരിയാ സമ്മേളനങ്ങള്‍ ഇന്നത്തോടെ പൂര്‍ത്തിയാകുമ്പോള്‍ ജില്ലയിലെ 20 ഏരിയാ കമ്മറ്റികളില്‍ വിരലിലെണ്ണാവുന്ന ഏരിയാ കമ്മറ്റികളാണ് വിഎസ് പക്ഷത്തുള്ളത്. കഴിഞ്ഞ സമ്മേളനത്തില്‍ ഏരിയാ കമ്മറ്റികളില്‍ ഭൂരിപക്ഷവും വിഎസ്പക്ഷത്തായിരുന്നതില് ജില്ലാ കമ്മറ്റിയില്‍ അവര്‍ക്കുതന്നെയായിരുന്നു ആധിപത്യം. എന്നാല്‍ ഇത്തവണ സമ്മേളന പ്രതിനിധികളില്‍ ഭൂരിപക്ഷവും പിണറായി പക്ഷത്തിന് അനുകൂലമായതിനാല്‍ സി.എം. മോഹനന് സെക്രട്ടറിസ്ഥാനത്തേക്കുള്ള വഴിയൊരുക്കല് എളുപ്പമാകും.
ഒളിക്യാമറ വിവാദത്തെത്തുടര്‍ന്ന് ഗോപി കോട്ടമുറിക്കലിനെ സെക്രട്ടറിസ്ഥാനത്തുനിന്നും ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് പറവൂരില്‍ നടന്ന ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ഗോവിന്ദന്മാസ്റ്ററെയായിരുന്നു സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇദ്ദേഹവും കടുത്ത പിണറായിപക്ഷക്കാരനാണ്. പിന്നീട് മാസങ്ങള്‍ക്കുശേഷം ദിനേശ്മണിക്ക് സെക്രട്ടറിക്കസേരയിലേക്ക് വഴിയൊരുങ്ങിയത്.
തൃപ്പൂണിത്തുറയില്‍ ജില്ലാ സമ്മേളനം പൂര്‍ത്തിയാകുമ്പോള്‍ രണ്ട് പതിറ്റാണ്ടുകാലം വിഭാഗീയതയുടെ പ്രഭവകേന്ദ്രമായി നിലകൊണ്ട എറണാകുളം ജില്ല പിണറായി പക്ഷത്തിന്റെ കൈപ്പിടിയില്‍ ആകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഒളിക്യാമറ വിവാദത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഉള്‍പ്പെടെ വിഎസ് പക്ഷത്തെ പല പ്രമുഖരുടെയും പേരുകള്‍ വെട്ടിനിരത്തപ്പെടേണ്ട ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: