തൃപ്പൂണിത്തുറ: വിവിധ ദേവസ്വം ബോര്‍ഡുകളുടെ കയ്യേറ്റത്തിന് വിധേയമായതും അന്യാധീനപ്പെട്ടതുമായ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി ഉടന്‍ പിടിച്ചെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി എന്‍.ആര്. സുധാകരന് ആവശ്യപ്പെട്ടു.
ഫെബ്രുവരി 8ന് എറണാകുളം രാജേന്ദ്രമൈതാനിയില്‍ നടക്കുന്ന ജില്ലാ ഹിന്ദുമഹാസമ്മേളനത്തിന്റെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ബാലാശ്രമം ഹാളില്‍ ചേര്‍ന്ന പ്രവര്‍ത്തകസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ്തുത ഭൂമി സംബന്ധമായ കേസുകളുടെയും കെഎല്‍എ നിയമത്തിന്റെയും അടിസ്ഥാനത്തില്‍ ദേവസ്വം റവന്യു സെക്രട്ടറി വിവിധ കളക്ടര്‍മാര്‍ക്കും ദേവസ്വം അധികാരികള്‍ക്കും 2014 സെപ്തംബര്‍ 12ന് നല്കിയ ഉത്തരവുപ്രകാരം ബന്ധപ്പെട്ട ഭൂമി 15 ദിവസത്തിനകം കണ്ടെത്തി പിടിച്ചെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇങ്ങനെ കയ്യേറിയവരില്‍ ഭൂരിഭാഗവും ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ളവരും സാമുദായിക നേതാക്കള്‍ ആയതിനാലും കയ്യേറ്റഭൂമി തിരിച്ചുപിടിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. എന്തുവിലകൊടുത്തും ക്ഷേത്രഭൂമി സംരക്ഷിക്കാന്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ലാ ഉപാധ്യക്ഷന്‍ എം.എല്‍. രമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എസ്. രാജേന്ദ്രന്, കിഷോര്‍ ബാബു, വി.ആര്. നവീന്‍, എ.ടി. സന്തോഷ്, ഗംഗാധരന്, പി. ചന്ദ്രന്, രാധാ രാജഗോപാല്‍, ജയ എന്നിവര്‍ സംസാരിച്ചു. പ്രഖണ്ഡ് സെക്രട്ടറിമാരായ സുധാകരന് കൂടത്തില്‍, സി.എസ്. ബാലചന്ദ്രന്, കെ.ജി. ഗോപകുമാര്‍, എം.എസ്. വിനയ്, ടി.കെ. കൃഷ്ണകുമാര്‍, വിജയകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം കൊടുത്തു. ഹിന്ദുമഹാസമ്മേളനത്തില്‍ ജില്ലയില്‍ നിന്ന് പതിനായിരം പേരെ പങ്കെടുപ്പിക്കുവാനും ഫെബ്രുവരി ഒന്നിന് പതാകദിനമായി ആചരിക്കുവാനും തീരുമാനിച്ചു. പ്രഖണ്ഡ്തല കുടുംബസംഗമങ്ങള്‍ ജനുവരി 26ന് മുമ്പ് ജില്ലയിലെ 10 പ്രഖണ്ഡ് കേന്ദ്രങ്ങളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: