ശാസ്താംകോട്ട: ശാസ്താംകോട്ട ഭൂപണയബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിലനില്‍ക്കുന്ന ചേരിപ്പോര് കഴിഞ്ഞദിവസം കൂട്ടത്തല്ലില്‍ കലാശിച്ചു. കെപിസിസി നേതാവിന്റെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് കോണ്‍ഗ്രസുകാര്‍ ആശുപത്രിയിലായി. ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു സംഭവം.
വരാനിരിക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പില്‍ രണ്ട് പാനലായി ചേരിതിരിഞ്ഞാണ് കോണ്‍ഗ്രസ് ഇവിടെ മത്സരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളല്‍ നാളുകളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗികനേതാവും ബാങ്ക് പ്രസിഡന്റുമായ കെപിസിസി എക്സിക്യൂട്ടിവ് അംഗം എം.വി.ശശികുമാരന്‍നായര്‍ നേതൃത്വം നല്കിയ സംഘം രഹസ്യമായി ബാങ്കിലെത്തിയത്.
ബാങ്കിലെത്തി കതകടച്ചതറിഞ്ഞപ്പോള് എതിര്‍വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സംഘടിതരായെത്തി കതക് ചവിട്ടിപൊളിച്ച് അകത്തുകയറി. കള്ളവോട്ട് ചെയ്യാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കാനാണെന്ന് ആരോപിച്ചായിരുന്നു ഇത്. തുടര്‍ന്ന് വാക്കേറ്റവും സംഘര്‍ഷവുമായി. താമസിയാതെ ചേരിതിരിഞ്ഞുള്ള കൂട്ടത്തല്ലിലേക്കും സ്ഥിതിഗതികള്‍ പോയി. അരമണിക്കൂറോളം പരസ്പരം പോരടിച്ച സംഘം ബാങ്കിലെ ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ത്തു.
മര്‍ദനമേറ്റ് ബാങ്കില്‍ നിന്നും പുറത്തേക്കോടിയ സംഘത്തെ എതിര്‍വിഭാഗം പിന്തുടര്ന്ന് നടുറോഡിലിട്ടും തല്ലിച്ചതച്ചു. ഇരുഗ്രൂപ്പിലുംപെട്ട പത്തോളം പേര്‍ക്ക് മര്‍ദ്ദനമേറ്റെങ്കിലും രണ്ടുപേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാങ്കിലെ വിമതവിഭാഗം സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് ബ്ലോക്ക് എക്സിക്യൂട്ടീവ് മെമ്പറുമായ ദിനകര്‍ കോട്ടക്കുഴി, യൂത്ത് കോണ്‍ഗ്രസ് നേതാവ് റെജി കുര്യന് എന്നിവരാണ് ശാസ്താംകോട്ട ആശുപത്രിയിലുള്ളത്.
മുന്‍ കുന്നത്തൂര്‍ എംഎല്‍എ കോട്ടക്കുഴി സുകുമാരന്റെ മകനായ ദിനകര്‍ തന്നെ ജാതിപറഞ്ഞ് ആക്ഷേപിച്ച് മര്‍ദ്ദിച്ചെന്നാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലക്കുറുപ്പ് അടക്കം ഇരുവിഭാഗത്തില്‍ നിന്നും 15 നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിക്കാനോ പോലീസില്‍ പരാതി നല്‍കാനോ ഇവര്‍ തയ്യാറായില്ല. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: