ചടയമംഗലം: പഞ്ചായത്തില്‍ ഉള്‍പ്പെട്ട കല്ലുമല, കുഴിയം പ്രദേശത്ത് നടക്കുന്ന നിയമവിരുദ്ധ കുന്നിടിക്കലും പാറഖനനവും പരിസ്ഥിതിക്കും പൈതൃകത്തിനും വന്‍ഭീഷണിയാകുന്നു. ജഡായുപ്പാറയുമായി ഐതിഹ്യപ്രാധാന്യമുള്ള കല്ലുമല പൂര്‍ണമായും ഇല്ലാതാക്കുന്ന തരത്തിലാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍.
നിയമാനുസൃത അനുമതിക്കുള്ള യാതൊരുവിധ സാഹചര്യങ്ങളും നിലവിലില്ലാത്ത പ്രദേശത്ത് വെളിനല്ലൂര്‍ വില്ലേജിലെ കാരക്കല്‍-മുളയറച്ചല്‍ എന്ന സ്ഥലത്തെ സര്‍വെ നമ്പരില്‍പെട്ട എക്സ്പ്ലോസീവ് ലൈസന്‍സിന്റെ മറവിലാണ് ചടയമംഗലം പഞ്ചായത്ത് അധികാരികളുടെ ഒത്താശയോടെയുള്ള ഖനനം. ഡിസംബര്‍ 31ന് മലിനീകരണനിയന്ത്രണബോര്‍ഡ് ലൈസന്‍സ് കാലാവധി കഴിഞ്ഞിട്ടും ഖനനം നടത്തുകയാണ്. അവധിദിവസങ്ങളില്‍ നൂറുകണക്കിന് ലോഡ് മണ്ണ് ടോറസ്, ടിപ്പര്‍ തുടങ്ങിയ വാഹനങ്ങളില്‍ കടത്തുന്നു. ഈ മണ്ണ് കൊണ്ടുചെന്ന് കൊട്ടിയം ചൂരല്‍ പൊയ്കയില്‍ തണ്ണീര്‍ത്തടങ്ങളും നിലങ്ങളും നികത്തുന്നതായാണ് സൂചന.
സംസ്ഥാന മണ്ണുസംരക്ഷണവകുപ്പിന്റെ പഠനത്തില്‍ കല്ലുമല-കുഴിയം പ്രദേശം പരസ്ഥതികമായി സംരക്ഷിക്കപ്പെടേണ്ടതാണ്. ഇത്തിക്കര ആറിലെയും സമീപ തണ്ണീര്‍തടങ്ങളുടെയും ജലലഭ്യത നിലനിര്‍ത്താനായി കുഴിയം വാട്ടര്‍ഷെഡ് പദ്ധതിയല്‍ ഒരുകോടി രൂപ ചിലവഴിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള കല്ലുമല സംരക്ഷിക്കണമെന്നും അനധികൃത പാറഖനനവും കുന്നിടിക്കലും നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ശക്തമായ സമരത്തിലാണ്. ഖനന മാഫിയകള്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: