ചാത്തന്നൂര്‍: പാരിപ്പള്ളി ഗ്രാമപ്പഞ്ചായത്ത് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് പാരിപ്പള്ളി പ്രദേശത്ത് ഹര്‍ത്താല്‍ നടത്തും. ജനകീയ സമരവേദിയാണ് ഹര്‍ത്താലിന് ആഹ്വനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ അടച്ചും പണിമുടക്കിയും പ്രദേശത്തെ ഓട്ടോ, ടാക്സി, ടെമ്പോ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാതെയും എല്ലാവിഭാഗം ജനങ്ങളും പങ്കെടുക്കുമെന്ന് സമരവേദി നേതാക്കള്‍ അറിയിച്ചു.
പഞ്ചായത്ത് വിഭജന ഉപസമിതിക്കുമുന്നില് ജില്ലയില്‍നിന്ന് വിഭജന പട്ടികയില്‍ ഒന്നാമത്തെ പരിഗണന കല്ലുവാതുക്കല്‍ പഞ്ചായത്ത് വിഭജിച്ച് പാരിപ്പള്ളി പഞ്ചായത്ത് രൂപവത്കരിക്കുക എന്നുള്ളതായിരുന്നു. പഞ്ചായത്ത് വിഭജനത്തിന് എല്ലാ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക സന്നദ്ധസംഘടനകളും ഒരേ നിലപാടായിരുന്നു സ്വീകരിച്ചത്.
ഭൂവിസ്തൃതിയും ജനസംഖ്യയും വരുമാനവും പ്രവര്‍ത്തനസൗകര്യവും തുല്യമാകുംവിധമുള്ള നിര്‍ദ്ദേശം എതിരില്ലാതെ സ്വീകരിക്കുകയും അതനുസരിച്ചുള്ള പഞ്ചായത്ത് രൂപവത്കരണത്തിനുള്ള പ്രൊപ്പോസല്‍ ഉപസമിതിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നാടിന്റെ വികസനത്തിന് ഉപരിയായി സങ്കുചിത താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി പഞ്ചായത്ത് രൂപവത്കരണ നിര്‍ദ്ദേശത്തില്‍നിന്ന് പാരിപ്പള്ളി ഒഴിവാക്കപ്പെടുന്ന സ്ഥിതിയാണ്.
ജനങ്ങളുടെ പൊതുവികാരം ഭരണാധികാരികളെ ബോധ്യപ്പെടുത്താനാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്. നിര്‍ദ്ദിഷ്ട പാരിപ്പള്ളി പഞ്ചായത്ത് പ്രദേശത്തിന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സാംസ്കാരിക സാമൂഹ്യസംഘടനകളും വ്യാപാരി വ്യവസായി സംഘടനകളും ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബുകളും റസിഡന്റ്സ് അസോസിയേഷനുകളും പിന്തുണ പ്രഖ്യപിച്ചിട്ടുണ്ട്.
പാരിപ്പള്ളിയിലെ ജനങ്ങളുടെ പൊതുവികാരവും ചിരകാല അഭിലാഷവും നിവേദനങ്ങളിലൂടെയും മറ്റും സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടും നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതിലുള്ള ജനകീയപ്രതിഷേധമാണ് ഹര്‍ത്താലിലൂടെ പ്രകടമാക്കുകയെന്നും ജനകീയ സമരവേദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: