കടയ്ക്കല്‍: കടയ്ക്കല്‍ മേഖലയില്‍ ഭാരതീയജനതാപാര്ട്ടിക്കും അതിന്റെ നേതാക്കള്‍ക്കും സ്വീകാര്യത വര്‍ദ്ധിക്കുന്നത് സിപിഎമ്മിനെയും അതിന്റെ നേതാക്കളെയും വിറളിപിടിപ്പിക്കുന്നു.
കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചുപോകാതിരിക്കാന്‍ ഭയത്തിന്റെയും വിദ്വേഷത്തിന്റെയും മാര്‍ഗമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇവിടങ്ങളില്‍ സ്വീകരിക്കുന്നത്. അതേസമയം സിപിഎം നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് ബിജെപി ചടയമംഗലം നിയോജകമണ്ഡലം സമിതി ആവശ്യപ്പെട്ടു. സിപിഎം ഉപേക്ഷിച്ച് നിരവധിയാളുകള്‍ ബിജെപിയിലേക്കും ഇതരദേശീയ പ്രസ്ഥാനങ്ങളിലേക്കും വരുന്നതില്‍ അസ്വസ്ഥത പൂണ്ടുള്ളതാണ് അതിക്രമങ്ങള്‍ ഏറെയുമെന്ന് വ്യക്തമായിട്ടുണ്ട്.
ചിതറയില്‍ നടന്ന നിസാരവാക്കുതര്ക്കത്തെ മറയാക്കി നിയോജകമണ്ഡലത്തിന്റെ കിഴക്കന്‍മേഖലയില്‍ സിപിഎം നേതൃത്വത്തില്‍ വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. കടയ്ക്കല്‍, ചിതറ തുടങ്ങിയ മേഖലകളില്‍ വഴിയാത്രക്കാരെയും രാഖി കയ്യില്കെട്ടിയവരെയും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായി അറിയാവുന്നവരേയും നിഷ്ക്രൂരമായാണ് സിപിഎം അക്രമികള്‍ കൈകാര്യം ചെയ്തത്.
പരാതി നല്‍കാനെത്തിയ ബിജെപി പ്രാദേശിക നേതാവ് അനില്‍കുമാറിനെ സിപിഎം പിണിയാളുകളായ പോലീസുകാര്‍ ലോക്കപ്പലിട്ട് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരുടെ നിരവധി വാഹനങ്ങള്‍ പരസ്യമായാണ് സിപിഎം ക്രിമിനലുകള്‍ തകര്‍ത്തത്. അന്നേദിവസം രാത്രിയില്‍ കടയ്ക്കലും പരിസരപ്രദേശങ്ങളിലുമുള്ള ബിജെപി, ആര്‍എസ്എസ് പ്രസ്ഥാനങ്ങളുടെ കൊടിമരങ്ങള്‍ നശിപ്പിച്ചതിനുശേഷം ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ആര്‍എസ്എസ് കടയ്ക്കല്‍ മണ്ഡല് കാര്യവാഹ് ഗോപുവിന്റെ വീട് അക്രമിച്ചു നശിപ്പിക്കുകയും ചെയ്തു. കാലങ്ങളായി മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിനും പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കാത്ത കണ്ണൂര്‍ ശൈലിയിലുള്ള മാടമ്പിരാഷ്ട്രീയമാണ് സിപിഎം കടയ്ക്കലില്‍ നടപ്പാക്കുന്നത്. കടുത്ത വിഭാഗീയതയിലും ജനവിരുദ്ധസമീപനങ്ങളിലും സിപിഎമ്മിനോട് വിയോജിപ്പ് രേഖപ്പെടുത്തി നൂറുകണക്കിനാളുകളാണ് അടുത്തിടെ ബിജെപി, ബിഎംഎസ്, ആര്‍എസ്എസ് പ്രസ്ഥാനങ്ങളിലേക്ക് ചേര്‍ന്നത്. സിപിഎം അണികളുടെ ഒഴുക്ക് തടയുന്നതിനാണ് അവര്‍ ഇപ്പോള്‍ കരുതിക്കൂട്ടി അക്രമം നടത്തുന്നത്. സിപിഎം ഏരിയാ നേതൃത്വത്തിലുണ്ടായ കടുത്ത വിഭാഗീയത മറക്കുന്നതിനും ഔദ്യോഗികപക്ഷം അക്രമത്തെ ഉപയോഗിക്കുന്നുണ്ട്.
അക്രമം അവസാനിപ്പിച്ച് നാട്ടില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുവാനും സിപിഎം ഇതരസംഘടനകള്‍ക്ക് പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യം ഒരുക്കാനും പോലീസ് അധികാരികള്‍ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകര്‍ അനില്‍കുമാറിനെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചവശനാക്കിയ പോലീസുകാരനെ സസ്പെന്റ് ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് എം.ആര്.സുരേഷ് അദ്ധ്യക്ഷനായിരുന്നു. പുത്തയം ബിജു, കരിങ്ങന്നൂര്‍ മനോജ്, ജി.സുദര്ശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: