ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്‍കാതെ സര്‍ക്കാര്‍ വലയ്ക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലാണെന്നും മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി വീണ്‍വാക്കു പറയുമ്പോഴാണ് മറുഭാഗത്തു അന്വേഷണത്തെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നത്.
സ്വന്തമായി ഓഫീസോ, മേശയോ, കസേരയോ പോലുമില്ലാതെയാണു അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം. അന്വേഷണം നടത്താനോ, മൊഴിയെടുക്കുന്നതിനോ പോകാന്‍ വാഹനങ്ങള്‍ പോലുമില്ല. അന്വേഷണ ഫയലുകള്‍ യാതൊരു സുരക്ഷയുമില്ലാതെ ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കേണ്ട ഗതികേടാണുള്ളത്. ലോക്കല്‍ പോലീസിലെ പ്രബലവിഭാഗം അന്വേഷണം അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനും രംഗത്തുണ്ടെന്ന ആക്ഷേപം നിലവിലുള്ളപ്പോഴാണ് അന്വേഷണ സംഘത്തിന്റെ ഈ ഗതികേട്.
ക്രൈംബ്രാഞ്ച് എസ്പി ആര്.കെ. ജയരാജന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അദ്ദേഹത്തിന്റെ ക്യാമ്പ് ഓ ഫീസ് തൃശൂരിലാണ്. സംഘത്തിലുള്ളത് ക്രൈം ഡിറ്റാച്ച്മെന്റ്, നര്‍ക്കോട്ടിക് സെല്‍ തുടങ്ങിയ വിഭാഗങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരാണ്. ഇത്രയും പ്രമാദമായ അക്രമത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ആലപ്പുഴയില്‍ പ്രത്യേക ക്യാമ്പ് ഓഫീസ് ആരംഭിച്ച് ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. അതിനുള്ള നടപടിയാണ് ഉണ്ടാകാത്തത്.
സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്നാണ് സ്മാരകം കത്തിച്ചതെന്ന യാഥാര്‍ത്ഥ്യവും പുറത്തുവന്നു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിന്റെ ജീവനുപോലും ഭീഷണിയുണ്ട്. എന്നാല്‍ യാതൊരുവിധ സുരക്ഷയും അന്വേഷണ സംഘാംഗങ്ങള്ക്കില്ല. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും മനോഭാവം വ്യക്തമാക്കുന്നതാണ് ഈ അവഗണന.
കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും ഉന്നതര്‍ ഒത്തുകളിച്ച് കേസ് അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ തന്നെ ശ്രമിച്ചിരുന്നു. ഇതി ന്റെ ഭാഗമായി ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ് തെളിവുകള്‍ പോലും ഇല്ലാതാക്കിയെന്ന ആക്ഷേപവും നിലവിലുണ്ട്. ക്രൈംബ്രാഞ്ച് ചുമതല ഏറ്റെടുത്ത ശേഷമാണ് അന്വേഷണത്തില്‍ പുരോഗതി ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: