തിരുവനന്തപുരം: കൊച്ചിയില്‍ സ്ത്രീതൊഴിലാളികളെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കേസ് അന്വേഷണം പ്രത്യേക ഉന്നത പോലീസ് സംഘത്തെ ഏല്‍പ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അസ്മ റബര്‍ ഇന്‍ഡസ്ട്രീസിലെ സ്ത്രീ തൊഴിലാളികളെയാണ് വസ്ത്രമുരിഞ്ഞ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്.
തൊഴിലാളികളുടെ ന്യായമായ പരാതിയില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നല്‍കണമെന്നും വിഎസ് വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
സുപ്രീം കോടതി തന്നെ ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ നടപടികളെടുത്തിട്ടുണ്ട്. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ സാങ്കേതികപരമായ വാദങ്ങള്‍ ഉന്നയിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും വിഎസ് പറഞ്ഞു.
പോലീസ് കേസ് തേയ്ച്ച് മായ്ച്ച് കളയാനാണ് ഉത്സാഹം കാണിക്കുന്നത്. അന്വേഷണവുമായി മുന്നോട്ട് പോയാല്‍ സ്ഥാപനം അടച്ചിടും എന്നാണ് ഭീഷണി. ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങുന്ന സര്‍ക്കാരിന്റെ സമീപനം അപലപനീയമാണെന്നും വി.എസ്. കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: