തിരുവനന്തപുരം: സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്ന് കുടുംബശ്രീയുടെയും ചെറുകിട വ്യവസായ സംരംഭകരുടെയും ഉത്പന്നങ്ങള്‍ പടിക്കുപുറത്തായി. വില്പനശാലകള്ക്ക് നല്‍കിയിട്ടുള്ള സാധനങ്ങള്‍ വാങ്ങേണ്ട കമ്പനികളുടെ പട്ടികയില്‍ നിന്നാണ് കുടുംബശ്രീയെയും ചെറുകിടക്കാരെയും സപ്ലൈകോ വെട്ടിമാറ്റിയത്.
വന്‍കിട കമ്പനികളുടെ ഉത്പന്നങ്ങള്‍ മാത്രം വാങ്ങാന്‍ സപ്ലൈകോ നിര്‍ബന്ധിതമാകുമ്പോള്‍ കുടംബശ്രീയുടെയും ചെറുകിടക്കാരുടെയും പ്രതീക്ഷയായിരുന്ന വലിയൊരു കമ്പോളമാണ് നഷ്ടമാകുന്നത്. വിറ്റഴിക്കപ്പെടുന്ന സാധനങ്ങള്‍ക്ക് മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷമാണ് സപ്ലൈകോ പണം നല്‍കാറുള്ളത്. കുടുംബശ്രീ ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് ആശ്വാസമായിരുന്നു. പുതിയ തീരുമാനം മൂലം സപ്ലൈകോയെ ആശ്രയിച്ചുവന്ന ഇരുപതുലക്ഷത്തോളം കുടുംബങ്ങളാണ് ദുരിതത്തിലായത്.
കുടുംബശ്രീ സൂഷ്മ വായ്പകളിലൂടെ ഉത്പാദിപ്പിക്കുന്ന, മെഴുകുതിരി, ചന്ദനത്തിരി, അച്ചാറുകള്‍, കൊണ്ടാട്ടം, ഉണക്കമീനുകള്‍, പര്‍പ്പടകം തുടങ്ങിയ നാടന്‍ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. കുറച്ചുനാളുകളായി ഇത്തരം ഉത്പന്നങ്ങള്‍ക്ക് സപ്ലൈകോ വില്‍പ്പനശാലകളില്‍ ഇടമില്ല. കുടുംബശ്രീ അച്ചാറുകള്‍ വാങ്ങാനെത്തുന്ന സാധാരണക്കാര്‍ വന്‍കിട കമ്പനികളുടെ അച്ചാറുകള്‍ അമിതവില നല്കി വാങ്ങേണ്ട ഗതികേടിലാണ്.
സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച പുതുസംരംഭകരും, തദ്ദേശീയരായ വ്യവസായികളും ബാങ്ക് വായ്പകളെടുത്താണ് രംഗത്തിറങ്ങിയിട്ടുള്ളത്. നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ അസംസ്കൃത ഉത്പന്നങ്ങള്‍ സംസ്ഥാനത്തു നിന്നുതന്നെ വാങ്ങുന്നവരാണ് ചെറുകിട സംരംഭകരും കുടുംബശ്രീ യൂണിറ്റുകളും. വര്‍ഷംതോറും സര്‍ക്കാരിന് നികുതി ഇനത്തില്‍ മാത്രം ഇവര്‍ നല്‍കുന്നത് ആയിരം കോടി രൂപയ്ക്ക് മുകളിലാണ്. അതിജീവനത്തിനായുള്ള പോരാട്ടത്തിലൂടെ ഇവര്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളാണ് ഇവര്‍ക്കു മുന്നില്വാതില് കൊട്ടിയടയ്ക്കുന്നത്.
ചെറുകിട-കുടുംബശ്രീ യൂണിറ്റുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി രൂപകല്പന ചെയ്ത മേയ്ക്ക് ഇന്‍ ഇന്ത്യ എന്ന സങ്കല്പവും സംസ്ഥാനത്തെ യുഡിഎഫ്സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. നാട്ടില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം സപ്ലൈകോ പോലുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ കുത്തക വ്യവസായികളുടെ പിന്നാലെ പായുമ്പോള്‍ അഴിമതികളുടെ കരിനിഴലാണ് ഇവര്‍ക്കുമേല്‍ വീഴുന്നത്. രണ്ടുവര്‍ഷം മുമ്പുവരെ 12 മുതല്‍ 15 ശതമാനം വരെയായിരുന്നു ചെറുകിട സംരംഭകര്‍ സപ്ലൈകോയ്ക്ക് ലാഭശതമാനം നല്‍കിയിരുന്നത്.
ചെറുകിട കുടുംബശ്രീ യൂണിറ്റുകളെ തളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ലാഭം 20 മുതല്‍ 25 ശതമാനം വരെ ഉയര്‍ത്തിയപ്പോഴും ചെറുകിട സംരംഭകര്‍ നിശബ്ദരായി സപ്ലൈകോയുടെ തീരുമാനത്തിനുവഴങ്ങി. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ലാഭം 35 ശതമാനമാക്കി ഉയര്‍ത്തി സപ്ലൈകോ സര്‍ക്കുലര്‍ പുറപ്പെടുവിച്ചതോടെ ചെറുകിട മേഖലയിലെ വ്യവസായ സംരംഭകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് തെരഞ്ഞെടുപ്പിന് തലേന്നാള്‍ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു.
ഇതിനുശേഷം ചെറുകിട-കുടുംബശ്രീ ഉത്പാദകരുടെ ഉത്പന്നങ്ങള്‍ വാങ്ങരുതെന്ന് സംസ്ഥാനത്തെ ഡിപ്പോ മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയാണ് സപ്ലൈകോ ചെയ്തത്. സാധനങ്ങളുമായെത്തുന്ന ചെറുകിടക്കാരോടും കുടുംബശ്രീ അംഗങ്ങളോടും സ്റ്റോക്ക് കൂടുതലാണെന്നു പറഞ്ഞ് തിരിച്ചയയ്ക്കുകയാണ് സപ്ലൈകോയുടെ ഇപ്പോഴത്തെ രീതി. സപ്ലൈകോയുടെ വാക്കാലുള്ള നിര്‍ദ്ദേശം അനുസരിക്കാതെ കുടുംബശ്രീ ഉത്പന്നങ്ങള്‍ വാങ്ങിയ നെടുമങ്ങാട് ഡിപ്പോ മാനേജരെ താക്കീത് ചെയ്യുകയും ചെയ്തു.
ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് ചേര്‍ന്ന സപ്ലൈകോ റീജിയണല്‍ മീറ്റിംഗില്‍ നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വലിയതുറ, ആറ്റിങ്ങല്‍ ഡിപ്പോകളിലെ മാനേജര്‍മാര്‍ക്ക് കുടുംബശ്രീ ചെറുകിട വ്യവസായ യൂണിറ്റുകളുടെ ഉത്പന്നങ്ങള്‍ പരമാവധി കുറച്ചേ വാങ്ങാവൂ എന്ന നിര്‍ദ്ദേശം നല്കപ്പെട്ടു. ജില്ലയിലെ നാലു ഡിപ്പോകള്‍ക്കു കീഴിലായി 120 ഔട്ട്ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവുമധികം ഗ്രാമീണ ഉത്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്ന ഇവിടങ്ങളില്‍ വിലക്ക് നിലവില്‍വന്നതോടെ കുടുംബശ്രീ ചെറുകിട വ്യവസായ ഉത്പന്നങ്ങള്‍ വിപണി കിട്ടാതെ അടച്ചുപൂട്ടുമെന്ന് ഏതാണ്ട് ഉറപ്പായി. കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയില്ലെന്ന് സപ്ലൈകോ കഴിഞ്ഞ ദിവസം പത്രക്കുറിപ്പിലൂടെ അറിയിച്ചെങ്കിലും രേഖാമൂലമല്ലാതെയുള്ള നിര്‍ദ്ദേശം നല്കി ഫലത്തില്‍ കുടുംബശ്രീ ഉത്പന്നങ്ങളെ പടിക്കുപുറത്താക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: