പാലക്കാട്: സക്ഷമ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ വടക്കന്തറ കൃഷ്ണജ്യോതി സ്വാശ്രയകേന്ദ്രത്തില് ലൂയി ബ്രെയിലി ദിനാചരണം നടന്നു. ജില്ലാ പോലീസ് മേധാവി ഡി. മഞ്ജുനാഥ് ബ്രെയിലി ലിപിയില്‍ എഴുതിക്കൊണ്ടായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. സക്ഷമ അധ്യക്ഷന്‍ എം സുകുമാരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഖിലേന്ത്യ സെക്രട്ടറി കെ.ഗംഗാധരന്, സംസ്ഥാന സെക്രട്ടറി വി.വി.പ്രദീപ്, വാര്‍ഡ് കൗണ്‍സിലര്‍ കെ.പരമേശ്വരി, ജി.മണികണ്ഠന്, എം.മുരുകാനന്ദന് പ്രസംഗിച്ചു.
ലൂയി ബ്രയിലി അനുസ്മരണ സമ്മേളനത്തില്‍ എം.പത്മനാഭന് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. എം. അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികള്‍ക്ക് റിട്ട. ഡിവൈഎസ്പി വിശ്വനാഥന് സമ്മാനദാനം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുഭാഷ്, കൗണ്‍സിലര്‍ വി.നടേശന്, പി.വി.ചന്ദ്രന്, കെ.സേതുമാധവന്, സെക്രട്ടറി ആര്.കണ്ണപ്പന്, സുരേഷ് പാഞ്ഞാള്‍ പ്രസംഗിച്ചു.
കാഴ്ചവൈകല്യമുള്ളവരുടെ ലിപി കണ്ടുപിടിച്ച ലൂയിയുടെ ജന്മദിനമായ ജനുവരി നാലാണ് സക്ഷമ ദേശീയ ദിനാചരണമായി സംഘടിപ്പിക്കുന്നത്. ജന്മനാല് അന്ധനല്ലാതിരുന്ന ലൂയിക്ക് മൂന്നാമത്തെ വയസ്സിലാണ് ഒരു ഇരുമ്പു കഷ്ണം കണ്ണില്‍ തെറിച്ചതിനെത്തുടര്‍ന്ന് കാഴ്ചശക്തി നഷ്ടപ്പെട്ടത്. പിന്നീട് 15-ാമത്തെ വയസ്സിലാണ് അദ്ദേഹം ബ്രെയിലി ലിപി കണ്ടുപിടിക്കുന്നത്.
തുടക്കത്തില്‍ സമൂഹം ഇതിന് അംഗീകാരം നല്കാന് മടിച്ചു. പിന്നീട് ഒരു സ്കൂളില്‍ ഓര്‍ഗന്‍ അധ്യാപകനായി ചേര്‍ന്ന് കീ ബോര്‍ഡ് ഉപയോഗിച്ചാണ് ലിപി കണ്ടുപിടിച്ചത്. തുടര്‍ന്ന് ഒരു ശിഷ്യനെ ഇതു പഠിപ്പിച്ചശേഷം അയാള്‍ സ്റ്റേജില്‍ നടത്തിയ മികച്ച പ്രകടനത്തെ കാഴ്ചക്കാര്‍ അഭിനന്ദിക്കുകയായിരുന്നു. അപ്പോഴാണ് ഇത് തന്റെ സംഭാവനയല്ലെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി ലൂയി ആണെന്നും സമൂഹത്തെ അറിയിക്കുന്നത്. 43-ാമത്തെ വയസ്സില്‍ ലൂയി അന്തരിച്ചു.
പരിപാടിയോടനുബന്ധിച്ച് ഷോട്ട്പുട്ട്, സ്റ്റാന്റിംഗ് ജംപ്, ലമണ്‍ സ്പൂണ്‍ മത്സരം, ലളിതഗാനം, കവിത ചൊല്ലല്‍, നാടന്‍ പാട്ട്, ബ്രെയിലി ലിപിയിലുള്ള എഴുത്തും വായനയും എന്നിവയിലാണ് മത്സരം സംഘടിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: