കോട്ടയം: കേരളത്തില്‍ ട്രെയിന്‍ യാത്ര ദുഷ്കരമായതോടെ സ്ഥിരം യാത്രക്കാര്‍ ട്രെയിനുകള്‍ ഉപേക്ഷിക്കുന്നു. നിശ്ചിതസമയത്ത് ലക്ഷ്യത്തിലെത്താന്‍ ട്രെയിനിനെ ആശ്രയിക്കാന്‍ കഴിയാത്ത അവസ്ഥയാണിന്നുള്ളതെന്ന് സ്ഥിരം യാത്രക്കാര്‍ പറയുന്നു. സമയനിഷ്ഠ പാലിക്കാത്ത സര്‍വ്വീസുകളാണ് യാത്രക്കാരെ വലക്കുന്നത്.
ചെങ്ങന്നൂര്‍ മുതല്‍ പിറവംറോഡ് വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് ട്രെയിനുകള്‍ വൈകുന്നതിന് ഒരു കാരണം. ട്രാക്കിലും എന്‍ജിനിലും സിഗ്നല്‍ സംവിധാനത്തിലും യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തുവാനുള്ള ജീവനക്കാരുടെ താല്പര്യക്കുറവാണ് ട്രെയിനുകള്‍ വൈകാന്‍ പ്രധാനകാരണമെന്നാണ് അന്വേഷണത്തില്‍ മനസ്സിലാകുന്നത്. ജീവനക്കാരുടെ യൂണിയനുകള്‍ തമ്മിലുള്ള കിടമത്സരവും ട്രെയിന്ഗതാഗത സംവിധാനം താറുമാറാകാന്‍ കാരണമാകുന്നുണ്ട്.
അതേസമയം വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് കൃത്യസമയങ്ങളില്‍ അറ്റകുറ്റപണികളുംമറ്റും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്നാണ് യൂണിയന് നേതാക്കളുടെ ഭാഷ്യം. കഴിഞ്ഞ കുറെ നാളുകളായി കൃത്യസമയങ്ങളില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയാത്തത് ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും അടക്കമുള്ള സ്ഥിരം യാത്രക്കാരെ ട്രെയിന്‍ യാത്ര ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിച്ചത്. വേണാട്, ശബരി, ജയന്തി തുടങ്ങി എറണാകുളം ഭാഗത്തേക്കുള്ള യ്രെിനുകളാണ് യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് സമയനിഷ്ഠയില്ലാതെ വൈകിയോടുന്നത്.
തിരുവനന്തപുരത്തുനിന്നും കോട്ടയംവഴി ഷൊര്‍ണ്ണൂര്‍വരെ പോകുന്ന വേണാട് എക്സ്പ്രസ്-എറണാകുളംവരെയുള്ള ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ആശ്രയമാണ്. ഈ വണ്ടി രാവിലെയും വൈകുന്നേരവും വൈകിയോടുന്നത് പതിവാണ്.രാവിലെ 8.02ന് കോട്ടയത്ത് എത്തേണ്ട വേണാട് എക്സ്പ്രസ് ഇപ്പോള്‍ പലപ്പോഴും ഒന്പതിനുശേഷമാണ് കോട്ടയത്ത് എത്തുന്നത്. 9.40ന് എറണാകുളം സൗത്ത് റയില്‍വേസ്റ്റേഷനില്‍ എത്തേണ്ട തീവണ്ടി ഒരു മണിക്കൂറിലേറെ വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഇത് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാരെയടക്കം ബാധിക്കുന്നു.
ലോക്കോപൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ തമ്മിലുള്ള കിടമത്സരത്തിന് ഇരകളാകേണ്ടിവരുന്നതും യാത്രക്കാരാണ്. പലപ്പോഴും സ്റ്റേഷനുകളില്‍ ഫ്ളാറ്റ്ഫോമിന് പുറത്ത് വണ്ടി നിര്‍ത്തുന്നതായും പരാതികളുണ്ട്. ഇക്കഴിഞ്ഞ ന്യൂഇയര്‍ രാത്രിയില്‍ വളരെ വൈകി പിറവംറോഡ് റെയില്‍വേസ്റ്റേഷനിലെത്തിയ തിരുവനന്തപുരത്തുനിന്നും മാംഗലാപുരം വരെ പോകുന്ന മലബാര്‍ എക്സ്പ്രസ്സിന്റെ വനിതാ കമ്പാര്‍ട്ടുമെന്റും രണ്ട് ജനറല്‍ കമ്പാര്‍ട്ടുമെന്റുകളും ഫ്ളാറ്റ് ഫോമിന് പുറത്തായിവരത്തക്കവിധമാണ് ട്രെയിന്‍ നിര്‍ത്തിയത്.
ഇവിടെ വേണ്ടത്ര വെളിച്ചംപോലുമില്ലാതതിനാല് സ്ത്രീകളടക്കമുള്ളവര്‍ ട്രെയിനില്‍നിന്നിറങ്ങാന്‍ ഏറെ പണിപ്പെട്ടു. ട്രെയിനില്‍ നിന്നും മൂന്നു മീറ്ററോളം താഴ്ചയുള്ള നിലത്തേക്ക് ചാടിയിറങ്ങുന്നതിനിടയില്‍ മൂന്നോളം സ്ത്രീകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ലോക്കോപൈലറ്റിന്റെയും ഗാര്‍ഡിന്റെയും നിരുത്തരവദാപരമായ സമീപനമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: