രാമനാട്ടുകര(കോഴിക്കോട്): കുറ്റാന്വേഷണ സംവിധാനങ്ങള്‍ കൂടുതല്‍ നവീനവും ശാസ്ത്രീയവുമാക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ഭവന്‍സ് എന്‍.എ. പല്‍ക്കിവാല അനുസ്മരണ നിയമ പ്രഭാഷണ പരമ്പര രാമനാട്ടുകര ഭവന്‍സ് ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
21-ാം നൂറ്റാണ്ടില്‍ ഇന്റര്‍നെറ്റാണ് കുറ്റകൃത്യങ്ങളുടെ മേഖല. സൈബര്‍ ക്രൈം കമ്പ്യൂട്ടറില്‍ നിന്നു മാത്രമല്ല ഉണ്ടാകുന്നത്. നാം ഉപയോഗിക്കുന്ന ഇന്‍ര്‍നെറ്റ് സൗകര്യമുള്ള സ്മാര്‍ട്ട് ഉപകരണങ്ങളെല്ലാം സൈബര്‍ കുറ്റകൃത്യങ്ങളുടെ മേഖലയായി മാറിയിരിക്കുകയാണ്. തീവ്രവാദികളും ഇപ്പോള്‍ കുറ്റകൃത്യങ്ങള്‍ക്കായി ഓണ്‍ലൈനിലേക്ക് തിരിയുകയാണ്. പാരമ്പര്യ രീതികളില്‍ നിന്ന് വിഭിന്നമായി കൂടുതല്‍ ആഘാതമുണ്ടാക്കുന്നതാണ് ഇന്റര്‍നെറ്റ് വഴിയുള്ള ആക്രമണങ്ങള്‍.
ഇതിനെ നേരിടാന്‍ ഇപ്പോഴുള്ള കുറ്റാന്വേഷണ സംവിധാനങ്ങള്‍ കൂടുതല്‍ നവീകരിക്കണം. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിലവിലുള്ള നിയമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ഇരുന്ന് സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാം. അത് രാജ്യത്തിന്റെ പുറത്തുനിന്നാണെങ്കില്‍ ഏത് പോലീസ് സ്റ്റേഷന്റെ, ഏത് കോടതിയുടെ പരിധിയില്‍പ്പെടും തുടങ്ങിയ കാര്യങ്ങളെല്ലാം പ്രശ്നമാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹകരണത്തോടെയും പിന്തുണയോടെയും മാത്രമേ ഇത്തരം കേസുകളില്‍ നടപടികള്‍ സ്വീകരിക്കാനാവൂ.
പാരമ്പര്യ അന്വേഷണ രീതികളുമായി മുന്നോട്ടു പോകുന്നത് കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനും അന്വേഷണഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന ധാരണയ്ക്കും കാരണമാകുന്നുണ്ട്. കൂടുതല്‍ ശാസ്ത്രീയമായ രീതികള്‍ കുറ്റാന്വേഷണത്തില്‍ അവലംബിക്കണം.
കൂടുതല്‍ ഫോറന്‍സിക്, സയന്റിഫിക് വിദഗ്ദ്ധരുടെ സേവനം കുറ്റാന്വേഷണത്തിനായി ആവശ്യമാണ്. ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുന്നതിന് വിവിധതരം ലാബ് സംവിധാനങ്ങളും വിപുലപ്പെടുത്തണം. സാധാരണക്കാര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്ളവര്‍ക്ക് ഇത്തരം സംവിധാനങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി റിട്ട. ജഡ്ജ് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാം, ഭാരതീയ വിദ്യാഭവന് കോഴിക്കോട് കേന്ദ്ര ചെയര്മാന് ഡോ. കെ. മാധവന്‍കുട്ടി എന്നിവര്‍ ആശംസ നേര്‍ന്നു. ഭാരതീയ വിദ്യാഭവന് രാമനാട്ടുകര കേന്ദ്ര ഡയറക്ടര്‍ അഡ്വ. പി. പരമേശ്വരന് ഗവര്‍ണര്‍ പി. സദാശിവത്തിന് ഉപഹാരം സമ്മാനിച്ചു. ഭാരതീയ വിദ്യാഭവന് മുംബൈ ഡയറക്ടര്‍ പി.എന്‍. സന്താനഗോപാല് സ്വാഗതവും ഭവന്‍സ് പല്സാര് പ്രിന്‍സിപ്പല്‍ പ്രൊഫ. ടി.പി. രാജലക്ഷ്മി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: