പത്തനംതിട്ട: സംസ്ഥാനത്തെ പഞ്ചായത്തുകളുടെ വിഭജനനീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് ആക്ഷേപം ഉയരുന്നു. ഭരണകക്ഷിയുടെ താല്പര്യങ്ങള് സംരക്ഷിക്കാനാണ് വിഭജനത്തില്‍ മുന്‍തൂക്കമെന്നാണ് പരാതി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പഞ്ചായത്തുകളുടെ വിഭജനവും പുതിയ നഗരസഭകളുടെ രൂപീകരണവും എത്രത്തോളം പ്രായോഗികമാകുമെന്ന ആശങ്കയും നിലനില്ക്കുന്നു.
ഒക്ടോബര്‍ 31 ന് നിലവിലുള്ള ത്രിതല പഞ്ചായത്ത് ഭരണസമിതികളുടെ കാലാവധി പൂര്‍ത്തിയാകും. അതിന് മുമ്പായി ചുമതലയേല്ക്കത്തക്ക തരത്തില്വേണം തെരഞ്ഞെടുപ്പ് നടത്താന്‍. സംസ്ഥാനത്തെ 63 ഗ്രാമപഞ്ചായത്തുകള്‍ വിഭജിക്കാനും 18 പുതിയ നഗരസഭകള്‍ രൂപീകരിക്കാനും ശുപാര്‍ശ ചെയ്തുകൊണ്ടാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
പന്തളം, കൊട്ടാരക്കര, ഏറ്റുമാനൂര്‍, വടക്കാഞ്ചേരി, പട്ടാമ്പി, താനൂര്‍, പരപ്പനങ്ങാടി, വാളാഞ്ചേരി, പൈയോളി, രാമനാട്ടുകര, പിറവം, കൊടുവള്ളി, മാനന്തവാടി, തിരൂര്‍, ചെറുപ്പുളശ്ശേരി, മണ്ണാര്‍കാട്, മുക്കം, കൊണ്ടോട്ടി തുടങ്ങിയവയാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്ന പുതിയ നഗരസഭകള്‍. ഇതോടൊപ്പം നിലവിലുള്ള ഗ്രാമപഞ്ചായത്തുകള്‍ വിഭജിച്ച് മൊത്തത്തില്‍ ആയിരത്തിലെത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്.
എന്നാല്‍ നിലവിലുള്ള തദ്ദേശ ഭരണ വാര്‍ഡുകള്‍ ഉടന്‍ പുനര്‍നിര്‍മ്മിക്കേണ്ടതില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന് ശേഷവും പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കാനുള്ള തീരുമാനം ആസന്നമായ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെയും ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ തീരുമാനം രാഷ്ട്രീയ താല്പര്യം മുന്നില്കണ്ടാണെന്നുള്ള ആക്ഷേപം ശക്തമാണ്. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പലതും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആവശ്യമാണെങ്കിലും പഞ്ചായത്തുകളുടെ വിസ്തീര്‍ണ്ണവും മറ്റും കണക്കാക്കിയപ്പോള്‍ പാളിച്ചകളുണ്ടായെന്നും വിഭജനം ഭൂമിശാസ്ത്രപരമായ പഠനത്തിനുശേഷം വേണമെന്നുമാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: