കൊച്ചി: കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ (സെസില്‍) മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം. സെസില്‍ പ്രവര്‍ത്തിക്കുന്ന അസ്മ റബ്ബര്‍ പ്രൊഡക്ട്സില്‍ അടുത്തദിവസം ഉണ്ടായ ചില സംഭവങ്ങളാണ് മാവോയിസ്റ്റുകളുടെ ഭീഷണിക്ക് കാരണമെന്നാണ് സൂചന.
പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിക്കസ്ഥാപനങ്ങളിലും മാവോയിസ്റ്റ് അനുഭാവ യൂണിയനുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ യൂണിയന് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിച്ചിരുന്നു. കോപേമ ഫിലമെന്റും മുത്തൂറ്റിന്റെ സിറാമിക് യൂണിറ്റും അടച്ചുപൂട്ടിയ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടും.
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിലാണ് സെസില്‍ യൂണിയന് രൂപീകരിച്ചത്. രൂപേഷ് പലപ്രാവശ്യം ഇവിടെ വന്നുപോയതായി പറയുന്നു. ഒരാഴ്ച മുമ്പാണ് അസ്മ റബ്ബര്‍ പ്രൊഡക്ട്സില്‍ ടോയ്ലറ്റില് നാപ്കിന് കണ്ടതിനെത്തുടര്‍ന്ന് സ്ത്രീജീവനക്കാരെ വസ്ത്രം അഴിച്ച് പരിശോധിച്ചത്. ഈ സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഇതേത്തുടര്‍ന്ന് കമ്പനി ലേ-ഓഫ് പ്രഖ്യാപിച്ചിരിക്കുകയാണ്.
രണ്ടാഴ്ച മുമ്പ് നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചിയിലെ ഓഫീസ് പട്ടാപ്പകല്‍ ഒരുവിഭാഗം അടിച്ചുതകര്‍ത്തിരുന്നു. സംഭവത്തില്‍ മാവോയിസ്റ്റ് അനുകൂലികളാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ അക്രമികളില്‍ ഒരാളെപ്പോലും പിടികൂടാന്‍ പോലീസിനായിട്ടില്ല. മാവോയിസ്റ്റുകളെ കണ്ടെത്താന്‍ കാട് അരിച്ചുപെറുക്കുന്നുണ്ടെങ്കിലും നഗരത്തില്‍ പോലീസിന് ജാഗ്രതാക്കുറവുണ്ട്. ഇത് മാവോയിസ്റ്റുകള്‍ക്ക് സഹായകമാകും.
ഇതിനിടെ കഴിഞ്ഞദിവസം കണ്ണൂരില്‍ ക്വാറിക്കുനേരെ നടന്ന മാവോയിസ്റ്റ് ആക്രമണം പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ മകന്റെ ബിനാമി പേരിലുള്ള ക്വാറിയാണിതെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: