തൃപ്പൂണിത്തുറ: കെഎസ്എഫ്ഇ തിരുവാങ്കുളം ശാഖയിലെ കുരിക്കാട് ബ്രാഞ്ചിലെ ഡോര്കളക്ഷന് ഏജന്റ് നിരവധി ആളുകളുടെ പണം തിരിമറി നടത്തി മുങ്ങിയതായി സൂചന. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകയും മുന്‍ പഞ്ചായത്തംഗവുമായ ഇവര്‍ ദിവസേന ഇടപാടുകാരില്‍നിന്നും ഡോര്കളക്ഷന് ആയി പിരിച്ചെടുത്ത തുകയുമായി കേരളം വിട്ടു എന്നാണ് അറിവ്. ഇവര്‍ ഒരു സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗവും കൂടിയാണ്.
പണം തിരിമറി നടത്തിയത് പരാതികളെ തുടര്‍ന്ന് കെഎസ്എഫ്ഇ അധികാരികള്‍ നടത്തിയ അന്വേഷണത്തിലും പരിശോധനയിലും കണ്ടെത്തിയതിനെതുടര്‍ന്ന് ഇടപാടുകാര്‍ക്ക് ഗവ. ധനകാര്യസ്ഥാപനമായ കെഎസ്എഫ്ഇ മുന്നറിയിപ്പ് നോട്ടിസുകള്‍ അയച്ചുതുടങ്ങി. ഈ കളക്ഷന്‍ ഏജന്റിനെ മാറ്റിയതായും ഇവരുമായി യാതൊരു വിധ ഇടപാടുകള്നടത്തരുതെന്നും കാണിച്ച് ഇടപാടുകാര്‍ക്ക് നോട്ടീസ് അയച്ചതെന്നും അധികാരികള്‍ പറഞ്ഞു. ഇത് കാണിച്ച് നിരവധി ഇടപാടുകാര്‍ക്ക് ഗവ.ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇയില്‍ നിന്നും കത്തുകള്‍ കിട്ടിയതായും ഇടപാടുകാര്‍ പറഞ്ഞു.
നിരവധി ഇടപാടുകാര്‍ പരാതികളുമായി കെഎസ്എഫ്ഇ തിരുവാങ്കുളം ശാഖയില്‍ നേരിട്ടെത്തിയിരുന്നു. ഇടപാടുകാരില്‍ നിന്നും പരാതികള്‍ ലഭിച്ചതായും കെഎസ്എഫ്ഇ അധികാരികള്‍ പറഞ്ഞു. ഈ വനിതാ കളക്ഷന്‍ ഏജന്റിനെതിരെ കെഎസ്എഫ്ഇ അധികാരികള്‍ നിയമനടപടികളുമായി മുമ്പോട്ട് നീങ്ങുന്നതായും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: