കല്‍പ്പറ്റ: നഞ്ചന്‍കോഡ് -നിലമ്പൂര്‍ റയില്‍പാത യാഥാര്‍ത്ഥ്യമാക്കാമെന്ന് ഇന്ത്യന്‍ റയില്‍വേ ഏകാംഗ കമ്മീഷന് ഡോ: ഇ.ശ്രീധരന്. റയില്‍പാത സംബന്ധിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
പാതക്കായി 2002 ലും 2009 ലും 2013 ലും റയില്‍വേ നടത്തിയ സര്‍വ്വേയില്‍ ഗുരുതരമായ തെറ്റുകള്‍ വരുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 4266.87 കോടി രൂപ ചെലവും 236 കി.മീ ദൂരവുമുള്ള പാതയാണ് റയില്‍വേ നിശ്ചയിച്ചത്. പാത പര്വ്വതമേഖലകളിലൂടെ കടന്നുപോകുന്നതിനാല്‍ 100 മീറ്ററിന് ഒരു മീറ്റര്‍ എന്ന തോതിലായിരുന്നു ഉയരം കൂട്ടിയിരുന്നത്. എന്നാല്‍ നിലവിലെ ഷൊര്‍ണ്ണൂര്‍ – നിലമ്പൂര്‍ പാതയും നഞ്ചന്‍ഗോഡ് – മൈസൂര്‍ പാതയും 80 ന് ഒരു മീറ്റര്‍ ഉയരം എന്ന തോതിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതിനാല്‍ നിലവിലെ സര്‍വ്വേ റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകാനാകില്ല.
50 മീറ്ററില്‍ ഒരു മീറ്റര്‍ വീതം പാത ഉയര്‍ത്താവുന്നതാണ്. മാംഗ്ലൂര്‍ – ഹാസ്സന്‍ റയില്‍പാത പര്‍വ്വതപ്രദേശത്ത് അമ്പതിന് ഒരു മീറ്റര്‍ വെച്ചാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. അതിനാല്‍ കൂടുതല്‍ കയറ്റമുള്ള സ്ഥലങ്ങളില്‍ അമ്പതിന് ഒന്നും സമതലങ്ങളില്‍ എണ്‍പതിന് ഒന്നും എന്ന നിലയില്‍ പുതിയ സര്‍വ്വേ നടത്തിയാല്‍ ചെലവും ദൂരവും കുറഞ്ഞ അലൈന്മെന്റ് നിശ്ചയിക്കാനാവും. കയറ്റമുള്ള സ്ഥലങ്ങളില്‍ ഒരു എഞ്ചിന് കൂടി ഘടിപ്പിച്ചാല്‍ മതി. റയില്‍വേ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും, അനുവദിച്ച പാതകള്‍തന്നെ വരുമാനം നോക്കി, പുന:പരിശോധിച്ച് ഒഴിവാക്കുന്ന സാഹചര്യവും പരിഗണിച്ച് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ റയില്‍പാത യാഥാര്‍ത്ഥ്യമാക്കാനാവും. റിപ്പോര്‍ട്ടിലെ മറ്റ്നിര്ദ്ദേശങ്ങള്:സംസ്ഥാന സര്‍ക്കാര്‍ സതേണ്‍ റയില്‍വേ കണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷനോട് പര്‍വ്വതമേഖലയില്‍ 50 മീറ്ററിന് ഒരു മീറ്റര്‍ കയറ്റം എന്ന നിലയിലും സമതലത്തില്‍ എണ്‍പത് മീറ്ററിന് ഒരു മീറ്റര്‍ എന്ന നിലയിലും പുതുക്കി സര്‍വ്വേ നടത്താന്‍ ആവശ്യപ്പെടണം. സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയമേ ആവശ്യമുള്ളൂ. ഇതിന് വരുന്ന ചെലവ് ഏകദേശം 4 ലക്ഷം രൂപയാണ്. ഈ തുക സംസ്ഥാന സര്‍ക്കാര്‍ റയില്‍വേക്ക് നല്‍കാമെന്ന് സതേണ്‍ റയില്‍വേ ജനറല്‍ മാനേജരെ അറിയിക്കണം. സംസ്ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് സയ്യാറാക്കിക്കണം. ഇതിന് 12 മുതല്‍ 14 കോടി രൂപ ചെലവു വരും. ഈ ചെലവും സംസ്ഥാനസര്‍ക്കാര്‍ വഹിക്കണം.
വിശദമായ പ്രോജക്ട് റിപ്പോര്‍ക്ക് ലഭിച്ചാല്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാം. പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും സംസ്ഥാന സര്‍ക്കാര്‍ നേടിയെടുക്കുകയും, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നത് സാധ്യമാണ്. റയില്‍പാതക്ക് പരിസ്ഥിതി അനുമതി ആവശ്യമില്ല. വനസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയേ ആവശ്യമുള്ളൂ.
കൊങ്കണ്‍ റയില്‍വേയില്‍ ചെയ്തതുപോലെ കേരളാ, കര്‍ണ്ണാടക, തമിഴ്നാട് സര്‍ക്കാറുകള്‍ സംയുക്ത സംരഭമായി, പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണം.
നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ പാതയും, ദൂരവും ചെലവും കുറക്കുന്ന അലൈന്മെന്റ് നിര്‍ണ്ണയിക്കണമെന്ന് ആക്ഷന്‍ കമ്മറ്റി ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. അതിനെത്തുടര്‍ന്ന് ഡിസംബര്‍ 16 ന് മുഖ്യമന്ത്രി ആക്ഷന്‍ കമ്മറ്റി ഭാരവാഹികളും ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. പാത സംബന്ധിച്ച പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഇ.ശ്രീധരനോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഇ.ശ്രീധരന് ഡിസംബര്‍ 21 നു ചര്‍ച്ച നടത്തി.
ഇ.ശ്രീധരന്റെ നിര്‍ദ്ദേശപ്രകാരമുള്ള സര്‍വ്വേ നടത്തുകയാണെങ്കില്‍ നഞ്ചന്‍ഗോഡ് – വയനാട് – നിലമ്പൂര്‍ പാതക്ക് 150 കി.മീ ദൂരവും 1800 കോടി രൂപ ചെലവുമേ വരൂ. റയില്‍പാതക്ക് പരിസ്ഥിതി അനുമതി ആവശ്യമില്ല എന്ന് ഇ.ശ്രീധരന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. വനത്തിലൂടെ കടന്നുപോകുന്ന ഭാഗം ഭൂഗര്ഭപാതയോ, മേല്‍പ്പാലമോ ആണെങ്കില്‍ വനം അനുമതി ലഭിക്കാനും തടസ്സമില്ല. ഇതു സംബന്ധിച്ച് സുപ്രീം കോടതി വിധികളുണ്ട്.
ഈ പാത യാഥാര്‍ത്ഥ്യമായാല്‍ കൊച്ചി – മൈസൂര്‍ ദൂരം വെറും 270 കി.മീ യും ബാംഗ്ലൂര്‍ – കൊച്ചി ദൂരം 409 കി.മീ യും ആയിരിക്കും. കൊച്ചിയില്‍നിന്ന് 5 മണിക്കൂര്‍ കൊണ്ട് മൈസൂറിലും 7 മണിക്കൂര്‍ കൊണ്ട് ബെംഗ്ലൂരിലും എത്താനാവും. 5000 ത്തോളം ചരക്കുലോറികളില്‍ വരുന്ന ചരക്ക് ഗതാഗതവും റയില്‍വേക്ക് ലഭിക്കും. വാഹനഗതാഗതം ഗണ്യമായി കുറയുന്നതോടെ പശ്ചിമഘട്ടമേഖലയിലെ മലിനീകരണവും പാരിസ്ഥിതി പ്രശ്നങ്ങളും ഗണ്യമായി കുറയും. റോ-റോ സംവിധാനം വഴി ലോറികള്‍ റയില്‍പാത വഴി നേരിട്ട് കേരളത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. ഇത് ലോറി ഉടമകള്‍ക്കും റയില്‍വേക്കും വന്ലാഭമാകുകയും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ചുരുങ്ങിയ ചെലവില്‍ ചരക്കുകളെത്തിക്കാന്‍ സഹായകമാകുകയും ചെയ്യും. ലോറി ഉടമസ്ഥ സംഘവുമായി ആക്ഷന്‍ കമ്മറ്റി നടത്തിയ ചര്‍ച്ചകളില്‍ അവരും ഈ നിര്‍ദ്ദേശത്തെ പിന്താങ്ങിയിരുന്നു. കൊച്ചി തുറമുഖത്തേയും ബെഗളൂരിനേയും ബന്ധിപ്പിക്കുന്ന ഈ പാത തെക്കേ ഇന്ത്യയിലെ പ്രധാന ചരക്ക്, ടൂറിസം, ഐ.ടി ഇടനാഴിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ റയില്‍പാതക്ക് സംസ്ഥാന സര്‍ക്കാര്‍ ചെലവിന്റെ പകുതി തുക വഹിക്കാന്‍ തീരുമാനിക്കുകയും പ്രാഥമിക വിഹിതമായി 5 കോടി രൂപ ബഡ്ജറ്റില്‍ നീക്കിവെക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: