കരുനാഗപ്പള്ളി: വള്ളിക്കാവ് മാതാ അമൃതാനന്ദമയീമഠത്തിന് സമീപം കനാല്‍ കയ്യേറി നിര്‍മ്മിച്ച കുരിശടി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് പ്രക്ഷോഭം ശക്തമാകുന്നു. ഇത് സംബന്ധിച്ച് ഡിസംബര്‍ 12ന് തന്നെ ഹൈക്കോടതി വിധി ഉണ്ടായിട്ടും ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കാത്തതാണ് പ്രകോപനം സൃഷ്ടിക്കുന്നത്. ഹൈക്കോടതി വിധി അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും ഹിന്ദുസംഘടനകളും പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുകയാണ്.
ക്ലാപ്പന സെന്റ് ജോര്‍ജ് കത്തോലിക്കാപ്പള്ളി വികാരി ഫാ.ജോര്‍ജ് സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ വള്ളിക്കാവ് കനാല്‍ കയ്യേറി നിര്‍മ്മിച്ച കുരിശടിയും അനുബന്ധനിര്മ്മാണപ്രവര്ത്തനങ്ങളും അടിയന്തരമായി പൊളിച്ചുനീക്കുവാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരുടേതായിരുന്നു വിധി.
വള്ളിക്കാവ് ടിഎസ്കനാലിന്റെ ഉപകനാലും അടുത്തുള്ള സ്ഥലവും കയ്യേറിയാണ് കുരിശടി നിര്‍മ്മിച്ചിരിക്കുന്നത്. ധാരാളം വള്ളങ്ങള്‍ കടന്നുപോകുന്ന ഉപകനാലില്‍ ഗതാഗതം മുടക്കിക്കൊണ്ട് പാലം പണിയും നടത്തിയിരുന്നു. കനാലിനുസമീപം നാലുസെന്റോളം വസ്തു വിലയ്ക്കുവാങ്ങിയാണ് ആസൂത്രിതമായ ഈ ചുവടുവയ്പ് നടത്തിയത്. തുടര്‍ന്ന് ഈ സ്ഥലത്തിനു തൊട്ടുകിടക്കുന്ന കനാല്വക പുറമ്പോക്ക് കയ്യേറുകയും അവിടെ ഒരുപടം വയ്ക്കുകയും ചെയ്തു. പിന്നീട് പടം മാറ്റി ഫ്ളക്സിലുള്ള വലിയ ബോര്‍ഡ് വെച്ചു. തുടര്‍ന്ന് പാലത്തിന്റെയും കുരിശടിയുടെയും പണി നടത്തുകയുമായിരുന്നു.
കുരിശ്ശടി നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ത്തന്നെ ഹൈന്ദവസംഘടനകളും വള്ളിക്കാവിലെ ജനങ്ങളും ഇതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കുകയും ശക്തമായ സമരം സംഘടിപ്പിക്കുകയും ചെയ്തു.
നിയമപോരാട്ടത്തോടൊപ്പം പഞ്ചായത്തോഫീസ് മാര്‍ച്ച് ഉള്‍പ്പെടുയുള്ള സമരങ്ങളും പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്നിരുന്നു. എന്നാല്‍ പഞ്ചായതതിന്റെയും റവന്യൂ അധികാരികളുടെയും മൗനാനുവാദത്തോടെയാണ് കനാല്‍ കയ്യേറ്റമടക്കമുള്ള നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. പഞ്ചായത്തും റവന്യു അധികാരികളും കത്തോലിക്കാസഭയുടെ കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വ്യക്തമായതോടെയാണ് വിശ്വഹിന്ദുപരിഷത്ത് കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റ് പി. പങ്കജന്‍2009 സെപ്റ്റംബര്‍ 29ലെ സുപ്രീംകോടതിയുടെ ഒരു ഉത്തരവ് ചൂണ്ടിക്കാട്ടി ഇതിനെതിരെഹൈക്കോടതിയെ സമീപിച്ചത്.
പൊതുനിരത്തുകളിലോ പാര്‍ക്കുകളിലോ മറ്റു പൊതുസ്ഥലങ്ങളിലോ ഒരു മതസ്ഥാപനങ്ങളും നിര്‍മ്മാണം നടത്തരുതെന്ന സുപ്രീംകോടതിവിധി ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
കുരിശ്ശടി നീക്കണമെന്ന ഹൈക്കോടതി വിധി അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ കാര്യവാഹ് എ. വിജയന്, വിശ്വഹിന്ദുപരിഷത്ത് താലൂക്ക് പ്രസിഡന്റ് പി. പങ്കജന്‍, ആര്‍എസ്എസ് ജില്ലാ ധര്‍മ്മജാഗരണ്‍പ്രമുഖ് കൃഷ്ണന്‍കുട്ടി, ജില്ലാപ്രചാര്പ്രമുഖ് എസ്.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിസാമുദ്ദീന്‍ വിധിയുടെ പകര്‍പ്പും കത്തും നല്‍കിയിരിക്കുകയാണ്. എത്രയും വേഗം അനധികൃതനിര്‍മ്മാണം പൊളിച്ചുനീക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: