ആചാരാനുഷ്ഠാനങ്ങളാല്‍ സമ്പന്നമാണ് കേരളം. ദേവപ്രീതിക്കായി അനുഷ്ഠിച്ചുപോരുന്ന ആചാരങ്ങള്‍ ഇന്നും പല സ്ഥലങ്ങളിലും തനിമയോടെ നിലനില്ക്കുന്നു. പുത്തന്‍ കാലഘട്ടത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ലോഭം’സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നും ഏറെ പ്രാധാന്യത്തോടെ അനുഷ്ഠിച്ചുവരുന്ന ഒരു ചടങ്ങാണ് ദേശപ്പാന. ദേവീപ്രീതീക്കായ് ദേശക്കാര്‍ സമര്‍പ്പിക്കുന്ന അര്‍പ്പണമാണ് പാന.
ഐതിഹ്യപ്പെരുമ നിലനിര്‍ത്തി പതിറ്റാണ്ടുകളായി ഇന്നും ദേശപ്പാന ആഘോഷിച്ച് വരികയാണ് വടക്കാഞ്ചേരി മച്ചാട് കരുമത്ര ദേശം. തിരുവാതിര പാനക്ക് മുന്നോടിയായി തട്ടകത്തെ മുഴുവന്‍ വീടുകളിലും കയറിയിറങ്ങുന്ന ചോഴിയും ഏറെ സവിശേഷതയുള്ളതാണ്. ശിവന്റെ ‘ഭൂതഗണങ്ങളായ രാശിപ്പട്ടം, കാലന്, മുത്തശ്ശി എന്നിവര്‍ തിരുവാതിരയുടെ തലേന്ന് വാദ്യമേളങ്ങളോടെ വീടുവീടാന്തരം കയറിയിറങ്ങി അനുഗ്രഹം ചൊരിയും. ഈസമയം ഓരോരുത്തരും തങ്ങളുടെ ദക്ഷിണ നല്കി സന്തോഷിപ്പിച്ചാണ് തിരിച്ചയക്കുക. നാട്ടിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയിലാണ് ചോഴി ആഘോഷം നടക്കുന്നത്.
പല സ്ഥലങ്ങളിലും ധനുമാസത്തിലാണ് പാന ആഘോഷിക്കുന്നത്. ഇതില്‍ തിരുവാതിരപ്പാനയ്ക്ക് ഏറെ പ്രത്യേകതയുണ്ട്. ഐതിഹ്യപ്പെരുമ നിറഞ്ഞതാണ് ദേശപ്പാന. രാവിലെ മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കുന്ന ചടങ്ങാണിത്. രാവിലെ പാനപ്പന്തലിന് ദേശക്കൂട്ടായ്മയില്‍ കാല്‍നാട്ടുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. ഉച്ചയോടെ ‘ഭക്തിയുടെ നിറവില്‍ കൂറയിടല്‍ ചടങ്ങ് നടക്കും. തുടര്‍ന്നാണ് ‘ഭഗവതിക്കുള്ള കളമെഴുത്ത്. ചുണ്ണാമ്പും മഞ്ഞളും ചേര്‍ത്തുള്ള കുങ്കുമവും കൃഷ്ണപ്പൊടി, മഞ്ഞള്‍പൊടി, അരിപ്പൊടി, വാകപ്പൊടി എന്നിവ ചേര്‍ത്താണ് കളമെഴുത്ത്. സന്ധ്യയോടെ ദീപാരാധനയ്ക്കു മുമ്പായി കളമെഴുത്ത് പൂര്‍ത്തിയാകും. തുടര്‍ന്ന് തായമ്പകക്ക് ശേഷം താലത്തിന്റെ അകമ്പടിയോടെ തളികപൂജയ്ക്ക് തുടക്കംകുറിക്കും. പാനപ്പന്തലിന് വലംവെച്ച് നടക്കുന്ന തളിക പൂജക്ക് ദര്‍ശനം നടത്തുന്നത് ഏറെ പുണ്യമാണെന്നാണ് വിശ്വാസം.
മുഖ്യകര്‍മ്മിയുടെ കാര്‍മ്മികത്വത്തിലാണ് തളികപൂജ. പിന്നീട് രാത്രി പൂക്കുലകുത്തിച്ചാട്ടം,തിരിയുഴിച്ചില്‍, പാനതുള്ളല്‍,കളം മായക്കല്‍ എന്നിവയോടെ ഒന്നാംപാനയ്ക്ക് സമാപനമാകും. തുടര്‍ന്ന് വീണ്ടും കളമെഴുതി പൂജകള്‍ക്കുശേഷം പാനതുള്ളലും കളംമായ്ക്കലും വെളിച്ചപ്പെടലോടുംകൂടി തിരുവാതിരപ്പാനയ്ക്ക് സമാപനമാകും. ദേശപ്പാനയിലുടെ ഒരു നാടിന്റെ സംസ്കൃതിയാണ് നിറഞ്ഞ് നില്‍ക്കുന്നത്.ആദ്യകാലങ്ങളില്‍ ‘ഭൂരിഭാഗം ദേശങ്ങളിലും,വീടുകളിലും പാനച്ചടങ്ങുകള് നടത്തിയിരുന്നു. പുതിയ കാലഘട്ടത്തില്‍ പാന ചടങ്ങ് നടത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ പാനകളുടെ എണ്ണം ചുരുങ്ങിത്തുടങ്ങി. മച്ചാട് മാമാങ്കം കൊണ്ട് പെരുമ നേടിയ മച്ചാട് ദേശത്ത് പല തട്ടകങ്ങളിലും പാനയാഘോഷം നടക്കുന്നുണ്ട്. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലും മറ്റും ഏറെ ആഘോഷപൂര്‍വ്വമാണ് ദേശപ്പാന ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: