ഇതൊരു രാജാവിന്റെ കഥയാണ്. ഇന്നത്തെ രാജാവിന്റെ കഥ! ഭൂമീനാഥരായി ഇപ്പോഴും അധിപന്മാരേറെയുണ്ടല്ലോ. അവരിലൊരു ദിവ്യപ്രേമാര്ത്ഥിയുടെ സുചരിതം.
രാജമനസ്സിനെ ഉദാത്തമേഖലയിലേക്കുയര്‍ത്തിയ ഒരു ‘സ്ത്രീ’യുടെ അനുഗ്രഹം കൂടിയാണിത്.
ജന്മപഥത്തിലൊരു മിന്നലായിവന്ന് കുറച്ചുനേരം പ്രഭചൊരിഞ്ഞ് മറഞ്ഞുപോയവള്‍. രഥം കടന്നുപോകുന്ന വഴിയ്ക്കരികില്‍ നിന്ന് ഊര്ജ്ജസൂനങ്ങള് വര്‍ഷിച്ചവള്‍.
ആ മുഖം തിരഞ്ഞ് എത്രനാള്‍ നടന്നു! അദ്ദേഹം ഓര്‍ത്തു. ആള്‍ക്കൂട്ടത്തില്‍ പരതി. എത്രയെത്ര മുഖങ്ങള്‍! തന്റെ കണ്ണുകളിലെ വെളിച്ചം മങ്ങിയതായി തോന്നി. സുന്ദരമായ ഒന്നും ഇനി ഈ ഭൂമിയില്‍ കാണാനാവുകയില്ലെന്ന് ഉറപ്പിച്ചു.
നിരാശയുടെ ഒരു മുഹൂര്‍ത്തത്തില്‍ ഉണര്‍വിന്റേയും സ്വപ്നത്തിന്റേയും അതിര്വരമ്പുകളിലെവിടെയോവെച്ച് ആ വദനം ഒരു ദൃശ്യവിസ്മയമായി മനസ്സല്‍ ഊര്‍ന്നു വീണു. ധ്യാനനിമഗ്നമായ മുഖം. പരിസരമാകെ പ്രഭവിതറി ആ മുഖകാന്തി. പതുക്കെ കണ്ണുകള്‍ തുറന്ന് അവള് തന്നെ നോക്കി. ആ കണ്ണുകളിലെ അഗാധത. ശാന്തി, സ്നേഹം…തിരയിളക്കമില്ലാത്ത ആഴക്കടല്‍പോലെ തോന്നിച്ചു.
അവളനുവദിക്കാതെ ദര്‍ശനം സാധ്യമല്ലെന്ന അറിവ് പിന്നീടുമാത്രമേ ഉണ്ടായുള്ളു. തന്റെ വിവരമില്ലായ്മ.
എന്നും യാത്രയുടെ ഇടയില്‍ ഒരു സ്ഥലത്തെത്തുമ്പോഴുള്ള ഊര്‍ജ്ജപ്രവാഹം. അറിയാന്‍ എത്രകാലമെടുത്തു. മനസ്സിന്റെ വാതായനങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നല്ലോ, അപ്പോള്‍. അവളുടെ സ്നേഹം ഒരു കാറ്റായിവന്ന് അതുതുറന്നു.
രാജമനസ്സില്‍ പോയ കാലങ്ങള്‍ സ്മൃതിപഥത്തില്‍ വന്നു. എത്ര തവണ ആ വഴികളിലൂടെ കടന്നുപോയി. അവളുടെ വറ്റാത്ത സ്നേഹമാണ് തനിക്ക് ദിനം മുഴുവന്‍ ഉത്സാഹം പകരുന്നതെന്നറിയാന് എത്ര വൈകി. ആ സ്ഥലത്തിന്റെ പ്രത്യേകതയായിക്കണ്ട് ആരംഭിച്ച അന്വേഷണം. തനിക്ക് എവിടേയും എത്താനായില്ല. അവിടെയൊന്നും ഒരു ആരാധനാലയമോ സന്യാസിമാരോ സിദ്ധന്മാരോ ഇല്ല എന്ന അറിവ് ആശ്ചര്യമായി.
തന്നില്‍ വരുന്ന മാറ്റം? അതിനുത്തരവാദി ആരാണ്? ആരാണിവള്‍? എങ്ങനെ കണ്ടുപിടിയ്ക്കും? സ്വന്തമാക്കാതെ വയ്യ.
രാജാവില്‍ പ്രണയത്തിന്റെ ആദ്യരേണുക്കള് പാറിവീണു.
ദര്‍ശനം ഉന്മത്തമാക്കിയ മനസ്സ്. കാണാന്‍ കഴിയാത്ത വ്യഥ. ആരിലും ആ ദേവകന്യകയെ ദര്‍ശിക്കുവാന്‍ തുടങ്ങുന്ന വിഭ്രമം. ഓരോ ശ്വാസനിശ്വാസവും അവള്‍ക്കുള്ള അര്‍ച്ചനയായി മാറി. ഏത് കോണിലായാലും തന്റെ ദുഖം ഒരു നനവായി അവളില്‍ പടര്ന്നിറങ്ങണേയെന്ന് പ്രപഞ്ചശക്തികളോട് കേണു.
സമയസൂചിക മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഋതുക്കള്‍ മാറിമാറി വന്നു.
അങ്ങനെ ഒരു ദിനം കാട്ടിലൂടെ കടന്നുപോകുമ്പോള്‍ പൂക്കള്‍ ശേഖരിക്കുന്ന അവള്! ഒരു കാന്തം ആകര്‍ഷിക്കുന്നതുപോലെ അവള്‍ക്കരികിലേക്ക് നീങ്ങി, ഭൂപന്‍.
‘നീ ആരാണ്’ എന്ന ചോദ്യത്തിന് ”ഞാനൊരു സാധാരണക്കാരി. അങ്ങെന്നെ അറിയില്ല” എന്നവള്‍ മറുപടി പറഞ്ഞു.
”പക്ഷേ എനിക്ക് നിന്നെ അറിയാം. നിന്റെ ഹൃദയം അറിയാം. അതില്‍ നിന്നുവരുന്ന പ്രകമ്പനങ്ങളറിയാം. അവ എന്നില്‍ വരുത്തിയ മാറ്റങ്ങള്‍ അറിയാം. വരൂ എന്റെ കൂടെ. എന്റെയരികില്‍ കഴിയാം! നിനക്കെല്ലാം ഞാന്‍ നല്‍കാം, എന്നേയും”.
രാജന്റെ അഭ്യര്‍ത്ഥന അവളില്‍ മന്ദഹാസമായി. സുഗന്ധതൈലം പോലെ വാക്കുകളുതിര്‍ന്നു. എനിയ്ക്കൊന്നും ആവശ്യമില്ല. അങ്ങയെ ഒരു അലൗകിക തലത്തിലേയ്ക്കുയര്ത്തുകയായിരുന്നു എന്റെ ലക്ഷ്യം. കൂടുതല്‍ അവബോധത്തിലേക്ക്, നല്ല ഭരണാധികാരിയിലേക്ക്. ഉറങ്ങിക്കിടന്നിരുന്ന ആ ബോധത്തെ ഒന്നു തൊട്ടുണര്ത്തുകമാത്രമായിരുന്നു, ഞാന്‍.
പോവുക. ഒരു നല്ല ഭരണാധിപനായി, സന്തതിപരമ്പരകള്‍ക്ക് ജന്മം നല്കി, ഭൂമിയുടെ എല്ലാ അര്‍ത്ഥത്തിലുമുള്ള അധിപനാവുക. അങ്ങയിലൂടെ ഭൂമി സമ്പുഷ്ടമാവട്ടെ.
”എവിടെയിരുന്നാലും എന്റെ സ്നേഹം വഴികാട്ടിയായി തുടരും. എന്നെ ഓര്‍ക്കുന്ന നിമിഷം ഒരു ഊര്‍ജ്ജപ്രവാഹം ഉളവാകും. വിഷമഘട്ടങ്ങളെ തരണം ചെയ്യാനാവും”.
അവളുടെ ശബ്ദം നേര്‍ത്തുനേര്‍ത്തില്ലാതെയായി.
ഒരു മോഹനിദ്രയില്‍ എന്നപോലെ അദ്ദേഹം ഉണര്‍ന്നു. ചുറ്റും നോക്കി. സ്വപ്നമോ, യാഥാര്‍ത്ഥ്യമോ?.
ഒരിയ്ക്കലും നേരില്‍ കാണാന്‍ കഴിയാത്ത അവള് ഏതു ജന്മത്തിന്റെ തുടര്‍ച്ചയാണ്? അതോ, വരും ജന്മങ്ങളിലെ മുന്കാഴ്ചയോ?. ജന്മങ്ങളുടെ നീണ്ട പാതയില്‍ എവിടെവച്ച് ഇനി കാണും?.
പ്രതികരിക്കാൻ ഇവിടെ എഴുതുക: