കുന്നത്തൂര്‍: ഭരണിക്കാവില്‍ സ്വകാര്യബസ്സ്റ്റാന്റ് ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു.
നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പഠനം നടത്തി പദ്ധതി സമര്‍പ്പിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പിന്നീടത് മുടങ്ങുകയായിരുന്നു. ഭരണിക്കാവ്, മുസലിയാര്‍ ഫാമില്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിനായി നിര്‍മ്മിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന് ലോബികളുടെയും താവളമായി മാറി. പിന്നീട് പൊതുജനങ്ങളുടെയും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നിരന്തരമായ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുന്നത്.
ബസുകള്‍ പാര്‍ക്ക് ചെയ്യാനുള്ള പ്ലാറ്റ്ഫോമുകള് ടാറിട്ട് വൃത്തിയാക്കി. ബസ് സ്റ്റാന്റില്‍ നിന്നും പുറത്തേക്കും അകത്തേക്കുമുള്ള പാതകളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു. കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നുള്ള 25 ലക്ഷംരൂപ ചെലവഴിച്ചാണ് ഇപ്പോള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ബസ് സ്റ്റാന്റിന്റെ നവീനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവികാര്യങ്ങള്‍ തീരുമാനിക്കാനുമായി എംഎല്‍എയുടെ നേതൃത്വത്തില്‍ ഏഴിന് ഉദ്യോഗസ്ഥരുടെയും ത്രിതലപഞ്ചായത്ത് പ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. മാര്‍ച്ചിന് മുമ്പ് പണികള്‍ പൂര്‍ത്തിയാക്കി പ്രൈവറ്റ് ബസ്സ്റ്റാന്റ് തുറന്നുകൊടുക്കാനാണ് നീക്കം.
നിലവില്‍ പാതയോരങ്ങളില്‍ നിര്‍ത്തിയിടുന്ന സ്റ്റേയ് ബസുകള്‍ക്ക് ബസ്സ്റ്റാന്റ് തുറന്നുകൊടുക്കുന്നത് വലിയൊരു അനുഗ്രഹമാകും. എന്നാല്‍ ടൗണില്‍ നിന്നും അരകിലോമീറ്ററോളം മാറി സ്ഥിതിചെയ്യുന്ന ബസ്സ്റ്റാന്റിന് നഗരത്തിലെ തിരക്കുകുറക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. കാരണം ടൗണിലെത്തുന്ന യാത്രക്കാര്‍ സ്റ്റാന്റിലെത്താന്‍ ഓട്ടോ വിളിക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. ഇതിന് യാത്രക്കാര്‍ മടിക്കുന്നതോടെ ബസുകള്‍ പഴയതുപോലെ ടൗണില്‍ പാര്‍ക്ക് ചെയ്യുന്നു. ഇത് ഗതാഗതകുരുക്കുണ്ടാക്കും.
പ്രൈവറ്റ് ബസ്സ്റ്റാന്റിനോടു ചേര്‍ന്ന് അവശ്യം വേണ്ട കംഫര്‍ട്ട് സ്റ്റേഷന് ഇതുവരെ നിര്‍മ്മിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് ശുചിത്വമിഷന്റെ ഫണ്ട് ഉപയോഗിച്ച് സ്റ്റാന്റിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കെട്ടിടം ഇന്നേതാണ്ട് ഉപയോഗശൂന്യമായ നിലയിലാണ്. കൂടാതെ ബസ് സ്റ്റാന്റില്‍ മാലിന്യസംസ്ക്കരണത്തിനുള്ള യാതൊരു സംവിധാനങ്ങളും ഇതുവരെ സ്ഥാപിച്ചിട്ടില്ല. സ്റ്റാന്റിലേക്കുള്ള റോഡുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല. ഇത്തരത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുംതന്നെ ഒരുക്കാതെ ബസ്സ്റ്റാന്റ് തുറന്ന് കൊടുക്കുന്നത് ഒരു പ്രഹസനമായി മാറുമോയെന്നാണ് ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: