കൊച്ചി: യാഥാര്‍ഥ്യവും സങ്കല്പവും കൂടിച്ചേര്‍ന്ന ‘കളിപ്പാട്ടക്കാരന്’ എന്ന സിനിമ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഇന്നിന്റെ കാലഘട്ടത്തിന്റെ തിരക്കിനൊപ്പം ജീവിക്കാന്‍ പറ്റാത്ത യുവാവ്- സേബയുടെ കഥയാണ് കളിപ്പാട്ടക്കാരനെന്ന് അണിയറപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്റെ ചെറുപ്പക്കാലത്തെ കളിക്കൂട്ടുക്കാരിക്കു വേണ്ടി കാത്തിരിക്കുന്ന സേബ, തുടര്‍ന്ന് അവര്‍ അഭിമുഖീകരിക്കുന്ന ഒരു മരണം, അതിന്റെ പ്രത്യാഘാതങ്ങള്‍ എന്നിവയാണ് കഥയുടെ സാരാംശം.
സിനിമയുടെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും പുതുമുഖങ്ങളാണ്. എറണാകുളം സ്വദേശികളായ നോയല്‍ റാഫേല്‍, സുനിത, ക്ഷമ കൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മുകേഷ് മുരളീധരനും സിനോജ് അയ്യപ്പനുമാണ് ക്യാമറ ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ എന്നിവ സജാസ് റഹ്മാന്റേതാണ്.
ശബ്ദമിശ്രണം എന്‍. ഹരികുമാറും ശബ്ദ രൂപകല്പന ടി. കൃഷ്ണനുള്ളിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പ്രസൂണ്‍, അശോകന് പൂത്തൂര്‍ എന്നിവരുടെ വരികള്‍ക്ക് തകര ബാന്റിലെ ജയിംസ്, അശ്വിന് നാഥ് എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്. അച്ചു അലകനാണ് ആര്‍ട്ട് ഡയറക്റ്റര്‍.
റഹ്മാന്‍സ് ബ്രദേഴ്സിന്റെ ബാനറിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഒരു മണിക്കൂറും 20 മിനിറ്റും ദൈര്‍ഘ്യവുമുള്ള സിനിമ ആലുവയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ ഉപയോഗിച്ച് എട്ട് മാസം കൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. അഞ്ചു ലക്ഷം രൂപയാണ് ചിത്രീകരണത്തിനായി ചെലവഴിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍മാരായ ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: