കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യഘട്ടം ആലുവ മുതല്‍ പാലാരിവട്ടം വരെയെന്ന് ഡിഎംആര്‍സി. സ്ഥലം എറ്റെടുക്കല്‍ വൈകുന്നത് മൊട്രോയുടെ നിര്‍മ്മാണ ജോലികള്‍ തടസ്സപ്പെടുത്തുന്നതായി ഇ. ശ്രീധരന് പറഞ്ഞു. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതാണ് സ്ഥലമേറ്റെടുപ്പ് വൈകാന്‍ കാരണം.
സിഗ്നല്‍ സംവിധാനങ്ങളുടെ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കാത്തതിനാല്‍ ആദ്യഘട്ടത്തില്‍ ആളുകളെ നിയമിച്ചായിരിക്കും സിഗ്നലുകള്‍ നല്‍കുക. പാലാരിവട്ടത്ത് സര്‍വ്വീസ് അവസാനിക്കുന്നതിനാല്‍ യാത്രക്കാരും കുറവായിരിക്കും.
നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പ് ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ മഹാരാജാസ് വരെയാണെന്നായിരുന്നു പറഞ്ഞിരുന്നത്. പേട്ട വരെയുള്ള നിര്‍മ്മാണം രണ്ടാംഘട്ടത്തിലേ നടത്താനാകൂ എന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മാഹാരാജാസ് വരെയെന്നത് വെട്ടിചുരുക്കി പാലാരിവട്ടം വരെയാക്കിയിരിക്കയാണ്. സ്ഥലം എറ്റെടുക്കാത്തതിനാല് കലൂര്‍ മുതലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. 2016ല്‍ മെട്രോയുടെ ഉദ്ഘാടനം നടന്നാലും ഈ പദ്ധതികൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനം ഉണ്ടാകണമെങ്കില്‍ രണ്ടാംഘട്ടവും പൂര്‍ത്തിയാകാന്‍ കാത്തിരിക്കണം. ഇതിനാകട്ടെ വര്‍ഷങ്ങള്‍ എടുത്തേക്കും.
ആദ്യഘട്ടനിര്മ്മാണം പൂര്‍ത്തിയാക്കിയാല്‍ പിന്മാറാനുള്ള ഒരുക്കത്തിലാണ് ഇ. ശ്രീധരന് എന്നും സൂചനയുണ്ട്. വിദേശവായ്പ ലഭ്യമായിട്ടും സര്‍ക്കാര്‍ മെട്രോക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാത്തത് ദുരൂഹമാണ്. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ആറിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗംചേരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: