കൊച്ചി: ആര്‍ട്ട് ഓഫ് ലിവിംഗ് കേരള ജ്ഞാനപ്പാന നൃത്താവിഷ്കാരവും ജ്ഞാനപ്പാന സംഗീതാലാപനവും ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്നു.
ചരിത്രത്തിലാദ്യമായാണ് ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ ജ്ഞാനപ്പാന നൃത്താവിഷ്കാരം അരങ്ങേറുന്നത്. 17 ന് 5 മണിക്ക് ആരംഭിക്കുന്ന ആര്‍ട്ട് ഓഫ് ലിവിംഗ് നാദരംഗ് മഹോത്സവത്തോടനുബന്ധിച്ചാവും നൃത്താവിഷ്കാര സമര്‍പ്പണം.
പ്രശസ്ത നര്‍ത്തകനും ചലച്ചിത്ര നടനുമായ വിനീതിന്റെ നേതൃത്വത്തില്‍ ചലച്ചിത്രതാരങ്ങളായ ലക്ഷ്മി ഗോപാലസ്വാമി, ഉത്തര അന്തര്‍ജനം, ദീപ്തി വിധുപ്രതാപ്, കൃഷ്ണപ്രഭ, ബോണി, രഞ്ജിത്ത് തുടങ്ങിയവരാണ് ജ്ഞാനപ്പാന നൃത്താവിഷ്കാരം നടത്തുക.
ആര്‍ട്ട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തില്‍ അരലക്ഷത്തോളംപേര്‍ നടത്തിയ ജ്ഞാനപ്പാന ആലാപനത്തിലൂടെ ശ്രേഷ്ഠഭാഷാപദവി നേടിയ മലയാള ഭാഷയ്ക്ക് ലഭിച്ച മികച്ച അംഗീകാരമായ ഗിന്നസ് വേള്‍ഡ് റെക്കോഡ് പൂന്താനത്തിന്റെ സ്മരണയ്ക്കായി ഗുരുവായൂര്‍ ദേവസ്വത്തിന് സമര്‍പ്പിക്കുന്ന ചടങ്ങും മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ നടക്കും.
ആര്‍ട്ട് ഓഫ് ലിവിംഗ് അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിന്റെ സംസ്ഥാനതല ഉദ്ഘാടനവും ആര്‍ട്ട് ഓഫ് ലിവിംഗ് നാദരംഗ് കലോത്സവവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: