കുമരകം: ഇരുനൂറ് ഏക്കറിലധികം വിസ്തീര്‍ണ്ണമുണ്ടായിരുന്ന പാതിരാമണല്‍ നൂറേക്കറിലേക്ക്. വേമ്പനാട്ട് കായലിന്റെ മധ്യത്തില്‍ ഒരു വിസ്മയമായി നിലകൊള്ളുന്ന ഈ കൊച്ചുദ്വീപ് സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പക്ഷേ അതിനുള്ള നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ കാട്ടുന്ന അനാസ്ഥക്കെതിരെ വന്‍പ്രതിഷേധമാണുയരുന്നത്. നിരന്തരമായി കായല്‍ തിരകള്‍ അടിച്ചും പ്രകൃതിക്ഷോഭവുമൊക്കെക്കൊണ്ട് തിട്ടകള്‍ ഇടിഞ്ഞാണ് ഈ ദ്വീപിന് വിസ്തൃതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ദ്വീപിന് ചുറ്റുമുള്ള തിട്ടയിടിയാതെ സംരക്ഷിക്കുകമാത്രമാണ് ഇതിനുള്ള പോംവഴി. കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് ഈ ദ്വീപ് മുംബൈയിലെ ഓബറോയി ഹോട്ടലിന് രണ്ടേക്കര്‍ സ്ഥലം നല്കി ചുറ്റും സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കാനുളള ശ്രമം നടന്നിരുന്നു.
സര്‍ക്കാരിന്റെ അനുവാദത്തോടെയോ അറിവോടുകൂടെയോ പണം ചെലവ് ചെയ്ത് പുറമ്പോക്ക് വസ്തുവില്‍ കാര്യമായ നിര്‍മ്മാണം നടത്തി ഉപയോഗിച്ച് തുടങ്ങിയാല്‍ ബാക്കിഭൂമികൂടി ഇതിന്റെ ഫലപ്രദമായ ഉപയോഗത്തിന് വേണ്ടി പതിച്ചു നല്‍കണമെന്ന് കൈവശക്കാരന് അവകാപ്പെടാന് അവസരമൊരുങ്ങും. അങ്ങനെ വന്നാല്‍ കാലാന്തരത്തില്‍ ഈ ദ്വീപ് ഓബറോയ് ഗ്രൂപ്പിന് സ്വന്തമാകുകയും ഈ നൈസര്‍ഗ്ഗികമായ ദ്വീപ് കോണ്‍ക്രീറ്റ് വനങ്ങളായി തീരുകയും ചെയ്യുമായിരുന്നു. ഇതു മനസ്സിലാക്കിയ കുമരകത്തുള്ള പരിസ്ഥിതി പ്രവര്‍ത്തകരും പാതിരാമണല്‍ സംരക്ഷണസമിതിക്കാരും ചേര്‍ന്ന് പ്രക്ഷോഭം ആരംഭിക്കുകയും സര്‍ക്കാര്‍ ആ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. വിസ്തീര്‍ണം ദൈനംദിനം കുറയുന്ന ദ്വീപിന്റെ നൈസര്‍ഗികതയ്ക്ക് ഇന്നും കോട്ടം തട്ടിയിട്ടില്ലെന്നത് ആശ്വാസകരം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: