കണ്ണൂര്‍: കണ്ണൂര്‍ നെടുംപൊയിലില്‍ ന്യൂ ഭാരത് സ്റ്റോണ്‍ ക്രഷറിന് നേരെ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് ദൃക്സാക്ഷി മൊഴി നല്കി. പോലീസ് കാണിച്ച ചിത്രങ്ങളില്‍ നിന്നാണ് രൂപേഷിനെ തിരിച്ചറിഞ്ഞത്. സംഘത്തിലുണ്ടായിരുന്ന സ്ത്രീ വിജയ ഭായി ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. പട്ടാള വേഷത്തിലെത്തിയ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് കാവല്ക്കാര് പറഞ്ഞു. ആക്രമണത്തിന് ശേഷം അക്രമികള്‍ അടുത്തുള്ള ആദിവാസി കോളനിയില്‍ എത്തി അവിടെ നിന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയതെന്നാണ് വിവരം.
ക്വാറിക്കെതിരെ പ്രാദേശിക വികാരം ഉണ്ടായിരുന്നു. ചിലര്‍ ക്വാറി പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതിയും നല്‍കിയിരുന്നു. നിങ്ങള്‍ക്ക് ശല്യമായ ക്വാറി ഞങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നാണ് രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആദിവാസികളോട് പറഞ്ഞത്. ഇവര്‍ കോളനിയിലെ നിത്യ സന്ദര്‍ശകരാണെന്നും സൂചനയുണ്ട്.
അട്ടപ്പാടിയിലെ വനം വകുപ്പിന്റെ ഷെഡ് മാവോയിസ്റ്റുകള്‍ വ്യാഴാഴ്ച തീയിട്ട് നശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: