കോഴിക്കോട്: പാറക്കടവില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരെ അപകീര്‍ത്തി പ്രസംഗം നടത്തിയ കേസില്‍ പേരോട് അബ്ദുറഹ്മാന് സഖാഫിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സഖാഫിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ എസ് പി ഓഫീസില്‍ വിളിച്ചുവരിത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പെണ്‍കുട്ടിയോട് മോശമായി പെരുമാറുക, അപമാനിക്കുക എന്നീ കുറ്റങ്ങളാണ് പേരോട് അബ്ദുറഹ്മാന് സഖാഫിക്കെതിരെ പോലീസ് ചുമത്തിയത്. കഴിഞ്ഞയാഴ്ച എസ് പി ഓഫീസില്‍ വിളിച്ചുവരുത്തി സഖാഫിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 2014 നവംബര്‍ 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പാറക്കടവ് ദാറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി പീഡിപ്പിക്കപ്പെട്ട സംഭവത്തെക്കുറിച്ച് പേരോട് അബ്ദുറഹ്മാന് സഖാഫി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ലൈംഗികച്ചുവയുള്ള പരാമര്‍ശത്തിലൂടെ സഖാഫി കുട്ടിയെ അപമാനിക്കുകയായിരുന്നു. പീഡിപ്പിക്കപ്പെട്ട കുട്ടി പരാതിപ്പെട്ടിട്ടില്ലെന്നും കരഞ്ഞിട്ടില്ലെന്നുമൊക്കെ പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു സഖാഫി പ്രസംഗത്തിലൂടെ നടത്തിയത്. സഖാഫിയുടെ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: