തിരുവനന്തപുരം: കേരളത്തിലെ സബര്‍ബന്‍ ട്രെയിന്‍ പദ്ധതിക്ക് ആവശ്യമായ തുകയുടെ പകുതി വഹിക്കാമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര റയില്‍ മന്ത്രിയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തും.
കേന്ദ്രമന്ത്രി സുരേഷ് പ്രഭുവുമായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് കെ.എം ചന്ദ്രശേഖര്‍ നടത്തിയ ചര്‍ച്ചയിലാണ് പകുതി തുക വഹിക്കാന്‍ തയാറാണെന്ന നിലപാട് കേന്ദ്രം വ്യക്തമാക്കിയത്. ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പ്രത്യേക കമ്പനി തുടങ്ങാമെന്നും അറിയിച്ചിട്ടുണ്ട് . സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍, ഹരിപ്പാട് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ദേശിച്ചിട്ടുള്ളത്. മുംബൈ റെയില്‍ വികാസ് കോര്‍പറേഷനാണ് പദ്ധതി രൂപരേഖ തയാറാക്കിയത്. 3330 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയിലായതോടെ പദ്ധതി മുടങ്ങുമെന്ന അവസ്ഥയിലായിരുന്നു.
പദ്ധതിയുടെ 50 ശതമാനം കേന്ദ്രം വഹിക്കണമെന്ന് നേരത്തെ തന്നെ സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും അനൂകൂല നിലപാടുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പദ്ധതിയില്‍ പങ്കാളിയാകാന്‍ തയാറാണെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ കത്തിലൂടെ അറിയിക്കുകയായിരുന്നു.
പത്ത് സബര്‍ബെന്‍ ട്രെയിനുകളാകും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. ഏഴു ബോഗികള്‍ വീതമുള്ള ട്രെയിനുകളാകും ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: