പെരുന്ന: എന്‍എസ്എസിന്റെ പരാതികള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് എന്‍എസ്എസിന്റെ ആവശ്യങ്ങളെ അവഗണിക്കില്ല. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് ഉന്നയിച്ച ആവശ്യങ്ങളോട് യുഡിഎഫ് സര്‍ക്കാര്‍ എന്നും അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്‍എസ്എസിന്റെ ആവശ്യ പ്രകാരമാണ് മുന്നോക്ക വികസന കോര്പ്പറേഷന് രൂപീകരിച്ചതും അതിന് കീഴില്‍ പദ്ധതികള്‍ ആരംഭിച്ചതും. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി വിദ്യാഭ്യാസ പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കി. എന്നാല്‍ എയ്ഡഡ് വിദ്യാഭ്യാസം, ദേവസ്വം എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാടിനെ കുറിച്ച് എന്‍എസ്എസിന് പരാതിയുണ്ട്. ഈ പരാതി ഒരിക്കലും സര്‍ക്കാര്‍ അവഗണിക്കില്ല. കഴിയുന്നതും വേഗം തന്നെ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് എന്‍എസ്എസ് നല്കിയ സംഭാവനകള്‍ അമൂല്യമാണ്. എയ്ഡഡ് മേഖലയിലെ സിംഗിള്‍ വിദ്യാഭ്യാസ ഏജന്‍സിയായി എന്‍എസ്എസ് മാറിയിരിക്കുകയാണ്. സമുദായ സൗഹാര്‍ദ്ദവും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതിനും എന്‍എസ്എസ് നല്കിയ സംഭാവനകള്‍ നിസ്തുലമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ.കെ. രാധാകൃഷ്ണന്, നടന് മോഹന്‍ലാല്‍ എന്നിവര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: