പാലക്കാട്: പൊള്ളാച്ചി-പാലക്കാട് റയില്‍പ്പാത ഗേജ് മാറ്റം അന്തിമ ഘട്ടത്തിലേക്ക്. 54 കിലോമീറ്റര്‍ ദൂരമുള്ള പാലക്കാട്-പൊള്ളാച്ചി പാത ബ്രോഡ്ഗേജായി മാറ്റുന്ന പ്രവൃത്തി മാര്‍ച്ച് 31നു മുമ്പ് പൂര്‍ത്തിയാക്കാനാണ് പരിപാടി. ഈ പാതയിലുള്ള 110 പാലങ്ങളുടെ പണി പൂര്‍ത്തിയായി. ബ്രോഡ് ഗേജായി മാറ്റുന്നതിനായി 2008 ഡിസംബറിലാണു പാത അടച്ചത്. 18 മാസങ്ങള്‍ കൊണ്ടു തീര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പാതയുടെ നിര്‍മ്മാണം ആറ് വര്‍ഷം പൂര്‍ത്തിയാകുന്ന വേഗയിലാണ് തീരുന്നത്. കഴിഞ്ഞ ആറുമാസം കൊണ്ടാണ് പാത നിര്‍മ്മാണത്തിന് വേഗം കൈവന്നത്.
യാക്കര റയില്‍വേ ഗേറ്റ് വരെയുള്ള ഭാഗത്തു പാളം സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായി. ഇനി രണ്ടു കിലോമീറ്റര്‍ ദൂരം പാളം സ്ഥാപിച്ചാല്‍ പാലക്കാട് ടൗണ്‍ റയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കാം.
മണ്ണു നിരത്തി, മെറ്റല്‍ വിരിച്ച ശേഷം കോണ്‍ക്രീറ്റ് സ്ലീപ്പറുകളും അവയ്ക്കുമേല്‍ പാളങ്ങളും സ്ഥാപിക്കുകയും ചെയ്യുന്ന പണികളാണ് ഇപ്പോള്‍ യാക്കര വരെ പൂര്‍ത്തിയായത്. പാളങ്ങള്‍ വെല്‍ഡ് ചെയ്തു ഘടിപ്പിക്കുന്ന പണിയും നടന്നു വരുന്നു.ഈ പണി യാക്കരയിലെത്താറായിട്ടുണ്ട്.
ഇനിയുള്ള രണ്ടു കിലോമീറ്റര്‍ നഗരത്തിനുള്ളിലൂടെയായതിനാല് ഈ ഭാഗത്തു പാളം സ്ഥാപിക്കുന്നതിനു മുമ്പ് ഓടകളുടെ പണി പൂര്‍ത്തിയാകണം. ശകുന്തള ജംഗ്ഷന്, റോബിന്‍സണ്‍ റോഡ് ഭാഗങ്ങളില്‍ ഓടകളുടെ പണി തീര്‍ക്കാന്‍ സമയമെടുക്കും. റോബിന്‍സണ്‍ റോഡില്‍ പണി നടക്കുമ്പോള്‍ ഒരാഴ്ചയോളം ഇതു വഴി ഗതാഗതം തടസ്സപ്പെടുത്തേണ്ടി വരും.
സിഗ്നലിങ് സംവിധാനം ഘടിപ്പിക്കുന്ന നടപടികള്‍ പൊള്ളാച്ചി മുതല്‍ മുതലമട വരെ എത്തിയതായി റയില്‍വേ അധികൃതര്‍ പറഞ്ഞു. ഇനി രണ്ടു തവണയായി പാളങ്ങള്‍ക്കും സ്ലീപ്പറുകള്ക്കുമിടയില് മെറ്റല്‍ നിറയ്ക്കും. പായ്ക്കിങ് മെഷീന് ഉപയോഗിച്ചാണു മെറ്റല്‍ നിറയ്ക്കുക. സാധാരണ റോഡിലൂടെ ഓടിക്കുന്ന ലോറികള്‍ പാളങ്ങളിലൂടെ ഓടിച്ചാണു വിവിധ സ്ഥലങ്ങളില്‍ മെറ്റല്‍ എത്തിക്കുക. പിന്നീട് ഒരു തവണ പ്രത്യേക യന്ത്രം ഉപയോഗിച്ച് കോണ്‍ക്രീറ്റ് സ്ലീപ്പറുകള്‍ ഉയര്‍ത്തി അവിടെയും മെറ്റല്‍ നിറയ്ക്കും.
മണ്ണിനും കോണ്‍ക്രീറ്റ് സ്ലീപ്പറിനുമിടയില് എട്ട് ഇഞ്ച് വരെ ഘനത്തിലാണു മെറ്റല്‍ നിറയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: