ചാത്തന്നൂര്‍: പാരിപ്പള്ളി അമൃതസ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി രണ്ടുവര്‍ഷം പിന്നിടുന്നു. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അമൃതയിലെ കുട്ടിപോലീസ് നേതൃത്വം നല്കുന്നു. സ്വന്തമായി കിടപ്പാടം പോലുമില്ലാതെ, വീടുകളില്‍ നിന്ന് വീടുകളിലേക്ക് നടന്ന് പത്രവിതരണം നടത്തിയിരുന്ന പരവൂര്‍ സ്വദേശി സതീഷ്ബാബുവിന് സൈക്കിള്‍ വാങ്ങിക്കൊടുത്തുകൊണ്ടാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ആരോഗ്യബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഡെങ്കിപ്പനിക്കെതിരെ ആയിരത്തോളം ഭവനങ്ങള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. പെട്ടിയോട്ടോകളിലും മാര്‍ക്കറ്റിലും വില്ക്കാന് വച്ചിരുന്ന ചീഞ്ഞളിഞ്ഞ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച് കുട്ടിപോലീസ് മാതൃകയായി. കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യ, മയക്കുമരുന്ന് ആസക്തിക്കെതിരെ ബോധവല്‍ക്കരണവും സെമിനാറുകളും നടത്തി. ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനുമുന്നിലെ ട്രാഫിക് നിയന്ത്രണം നടത്തുന്നതും ഈ കുട്ടികളാണ്.
അതുകൊണ്ടുതന്നെ സ്കൂളിന് എതിര്‍വശമുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് വരുന്ന പ്രായമുള്ള രോഗികള്‍ക്ക് ഈ കുട്ടികള്‍ ആശ്വാസമാണ്. ട്രാഫിക് സംവിധാനം നിയന്ത്രിക്കുന്നതിന് പാരിപ്പള്ളി പോലീസിന്റെ പിന്തുണയുമുണ്ട്.
കോളനികള്‍ ശുദ്ധീകരിക്കുന്നതുള്‍പ്പെടെയുള്ള പുതിയ പ്രോജക്ടുകള്‍ തയ്യാറാക്കി പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് നടപ്പാക്കാന്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: