പുനലൂര്‍: കുളത്തൂപ്പുഴയില്‍ കല്ലടയാറിന് കുറുകെ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പൈതൃകപാലം ശാപമോക്ഷം നേടുന്നു.
1911 ഡിസംബറില്‍ പണി പൂര്‍ത്തീകരിച്ച് ചരിത്രസ്മാരകമെന്നവണ്ണം നിലകൊള്ളുന്ന ഈ പാലത്തിന്റെ ശതാബ്ദി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. കുളത്തൂപ്പുഴ നെടുവണ്ണൂര്ക്കടവിലെ ബ്രീട്ടീഷ് നിര്മ്മിതപാലമാണ് നവീകരണം നടത്തി പുതുമ കൈവരിക്കുന്നത്. ശെന്തരുണി വന്യജീവിസങ്കേതത്തിനുള്ളിലെ ബ്രിട്ടീഷുകാരുടെ കല്ലാര്‍ തോട്ടങ്ങളിലേക്കു പോകാനായിരുന്നു അന്ന് കല്ലടയാറിനുകുറുകെ അന്നത്തെ ചെങ്കോട്ട പാതയോരത്ത് നിന്ന് പാലം പണിതത്.
പാലത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്തുകയും പൈതൃക പെരുമയോടെ തന്നെ പാലം നവീകരിച്ചു സംരക്ഷിത സ്മാരകമായി നിലനിര്‍ത്തണമെന്ന ആവശ്യവും ശക്തമായിക്കഴിഞ്ഞു. ചെടികള്‍ വളര്‍ന്നും മറ്റും വിള്ളലുകള്‍ വീണ പാലത്തിലൂടെ കട്ടിളപ്പാറയിലേക്കു കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നുണ്ട്. നവീകരണത്തിന്റെ ഭാഗമായി പാലത്തില്‍ നിന്നിരുന്ന ആല്മരങ്ങളും ചെടികളും നീക്കം ചെയ്തു. ഇതിന്റെ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് മൂന്നരലക്ഷം രൂപ അനുവദിച്ചിരുന്നു.
ഈ തുക വിനിയോഗിച്ചാണ് നവീകരണം പുരോഗമിക്കുന്നത്. കഴുതുരുട്ടിയിലെ പതിമൂന്ന് കണ്ണറപ്പാലത്തെ അനുസ്മരിക്കുന്ന തരത്തിലുള്ള നിര്‍മ്മാണമാണ് ബ്രിട്ടീഷുകാര്‍ നെടുവണ്ണൂര്ക്കടവിലെ പാലത്തിലും അവലംബിച്ചിട്ടുള്ളത്. പാലത്തിന്റെ ശോചനീയാവസ്ഥ കണ്ട് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തംഗം എ.പി.ഫിലിപ്പ് നവീകരണം ആവശ്യപ്പെട്ട് 2013 സെപ്തംബറില്‍ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് പാലം നവീകരണമാരംഭിച്ചത്. നൂറുവര്‍ഷം പിന്നിടുന്ന പാലം നവീകരണം പൂര്‍ത്തിയാകുമ്പോള്‍ പഴയ രാജകീയപ്രൗഡിയും പെരുമയും വീണ്ടെടുക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് നാട്ടുകാര്‍ക്കുള്ളത്. വനനടുവില്‍ കട്ടിളപ്പാറ കല്ലാര്‍ വനമേഖലകളിലേക്ക് യാത്ര ചെയ്യുവാന്‍ ഈ പാലം അത്യന്താപേക്ഷിതമാണ്.
നൂറിന്റെ ചെറുപ്പവുമായി ഈ പൈതൃകപാലം ഇന്നും മുഖമുയര്‍ത്തി നില്ക്കുമ്പോള് ബ്രീട്ടീഷ് നിര്‍മ്മാണത്തിന്റെ വൈദഗ്ധ്യം വിളിച്ചറിയിക്കുന്ന ഒരു പൈതൃകസ്മാരകം കൂടി സൃഷ്ടിക്കപ്പെടുകയാണ് ഇവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: