കായംകുളം: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. ഉന്തിലും തള്ളിലും വനിതാ കൗണ്‍സിലര്‍ ബോധം കെട്ടു വീണു. ചെയര്‍മാനും നഗരസഭാ സെക്രട്ടറിയും 11നാണ് സഭയില്‍ ഹാജരായതെന്ന ആരോപണം ഉന്നയിച്ച് ആദ്യം ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ സഭാ നടപടികള്‍ തടസപ്പെടുത്തി. തുടര്‍ന്ന് ബാര്‍ വിഷയത്തില്‍ ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സഭാനടപടികള്‍ സ്തംഭിപ്പിച്ചു.
നഗരസഭാസെക്രട്ടറി യോഗം നടത്താന്‍ തടസമില്ലെന്ന് അറിയിച്ചെങ്കിലും യോഗം കൂടുവാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നു. ഇതിനിടെയാണ് കൗണ്‍സിലര്‍ കുല്‍സുമ്മ ബോധം കെട്ടു വീണത്. ചെയര്‍പേഴ്സണ്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കായംകുളം സിഐ: ഉദയഭാനു, എസ്ഐ: രജീഷ്കുമാര് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘര്‍ഷാവസ്ഥ ഒഴിവാക്കി.
തുടര്‍ന്ന് ഭരണപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ ഹാള്‍ പൂട്ടി കുത്തിയിരുപ്പ് സമരം നടത്തി. സിഐയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് വനിതാ അംഗത്തെ പോലീസ് കൈയേറ്റം ചെയ്തെന്നാരോപിച്ച് സി.കെ. സദാശിവന് എംഎല്‍എയുടെ നേതൃത്വത്തില്‍ സിപിഎം അംഗങ്ങള്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് നടത്തി. ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി സുഭാഷ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: